‘കാർ ഓടിച്ചത് 120 കി.മീ വേഗത്തിൽ; ഉച്ചയ്ക്ക് വൈറ്റില ബാറിൽ, വൈകിട്ട് പാലാരിവട്ടത്ത്, രാത്രി നെടുമ്പാശേരിയിൽ’; മദ്യപിച്ചിരുന്നതായി പ്രതി
കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വെളിപ്പെടുത്തലുമായി കാറോടിച്ച പ്രതി ആലപ്പുഴ ആലിശേരി സ്വദേശി സുഹൈൽ സജീവ് (19). താൻ മദ്യപിച്ചിരുന്നതായും എയർപോർട്ട് റോഡിലൂടെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് വാഹനമോടിച്ചതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. അപകടസമയത്ത് കാറിലുണ്ടായിരുന്ന സുഹൈലിന്റെ സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
വിമാനത്താവള റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ 2 മണിയോടെയായിരുന്നു ദാരുണമായ അപകടം. കർണാടക സുള്ള്യ സ്വദേശി മുഹമ്മദ് ഇയാസ് (22), വയനാട് കൽപ്പറ്റ സ്വദേശി കെ.വി ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി എം.പി ഗോപിക (22) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
അപകടമുണ്ടാകുന്നതിന് മുൻപ് പ്രതി മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായി പൊലീസ് കണ്ടെത്തി. 23 വയസ്സിന് താഴെയുള്ളയാൾക്ക് മദ്യം വിളമ്പിയ സംഭവത്തിൽ വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി എന്നിവിടങ്ങളിലെ ബാറുകൾക്കെതിരെ പൊലീസ് കേസെടുത്തു. രാത്രി വൈകി വൈറ്റിലയിലെയും പാലാരിവട്ടത്തെയും ബാറുകളിൽ മദ്യപിച്ച ശേഷം ഇടപ്പള്ളിയിലെ നക്ഷത്ര ഹോട്ടൽ ബാറിലെത്തി ഭക്ഷണവും കഴിച്ചാണ് സംഘം നെടുമ്പാശേരിയിലേക്ക് പുറപ്പെട്ടത്. അപകടസമയത്തെ കാറിന്റെ കൃത്യമായ വേഗത തിട്ടപ്പെടുത്താൻ വിദഗ്ധ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.