02/09/2026
[fontresizer_tawhidurrahmandear_widget]

‘ഇലക്ഷന് കള്ളപ്പണം വരും, നേതാക്കൾ വീതിച്ചെടുക്കും’; ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ദേവൻ

 ‘ഇലക്ഷന് കള്ളപ്പണം വരും, നേതാക്കൾ വീതിച്ചെടുക്കും’; ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ദേവൻ

ദേവൻ

കൊച്ചി: ബിജെപി ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ദേവൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ ചെലവഴിക്കാൻ പാർട്ടി നൽകുന്ന തുക നേതാക്കൾ വീതിച്ചെടുക്കുകയാണെന്ന് ദേവൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ പതിനഞ്ച് ദിവസമുള്ളപ്പോഴാണ് കള്ളപ്പണം ചെലവഴിക്കുന്നതെന്നും ബാക്കി പണം വീതിച്ചെടുക്കുകയാണ് ബിജെപിയുടെ രീതിയെന്നും റിപ്പോർട്ടർ ടിവിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ ചേർന്നു എന്നല്ലാതെ കേരളത്തിലെ ബിജെപി നേതൃത്വം തന്നെ അവരിലേക്ക് അടുപ്പിച്ചിരുന്നില്ലെന്ന് ദേവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴാണ് കള്ളപ്പണം മുഴുവൻ എത്തുന്നത്. പ്രചാരണ സമയത്താണ് ഇത് ചെലവാക്കുന്നത്. അഞ്ച് കോടി രൂപ വന്നിട്ടുണ്ടെങ്കിൽ അതിൽ 50 ലക്ഷം രൂപ മാത്രമാണ് ചെലവഴിക്കുന്നത്. ബാക്കി തുക നേതാക്കൾ വീതിച്ചെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടൻ വിജയിയുടെ പാർട്ടിയായ ടിവികെയെക്കുറിച്ചും ദേവൻ അഭിപ്രായം വ്യക്തമാക്കി. ടിവികെ കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയ്ക്ക് കേരളത്തിൽ സ്ഥാനാർത്ഥികൾ ഉണ്ടാകും. അടുത്ത തെരഞ്ഞെടുപ്പ് നടക്കാൻ 2031 വരെ അഞ്ച് വർഷത്തെ സമയമുണ്ട്. ടിവികെ തമിഴ്‌നാട്ടിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയല്ലെന്നും ദേശീയ തലത്തിലേക്ക് വളർത്താനാണ് വിജയ് ശ്രമിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. ടിവികെയിൽ പുതുമുഖങ്ങൾക്ക് മാത്രമേ സ്ഥാനമുണ്ടാകൂ എന്നും അല്ലാത്തവരെ സ്വീകരിക്കില്ലെന്നും ദേവൻ വ്യക്തമാക്കി.

ഇക്കഴിഞ്ഞ പതിനാറാം തീയതി കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പൊതു വേദിയിൽ വെച്ചായിരുന്നു ദേവൻ ബിജെപി വിടുന്നതായി പ്രഖ്യാപിച്ചത്. പാർട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിടേണ്ടി വന്നതായി അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ രാജി പ്രഖ്യാപിക്കേണ്ട വേദി ഇതല്ലായിരുന്നുവെന്നും ദേവന്റെ തീരുമാനം അത്ഭുതപ്പെടുത്തിയെന്നുമായിരുന്നു വേദിയിലുണ്ടായിരുന്ന ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോന്റെ പ്രതികരണം.

ബിജെപി വിട്ട ദേവനുമായി ടിവികെ നേതാക്കൾ കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന് സംസ്ഥാന അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബർ പത്തിന് ചെന്നൈയിൽ വെച്ച് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ച ദേവൻ, നിരവധി യുവാക്കൾ തനിക്ക് പിന്തുണയറിയിച്ച് വിളിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

Also read: