‘കുറ്റം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് അന്നുതന്നെ പറഞ്ഞിരുന്നു, ദുർബലർക്ക് വേണ്ടിയാണ് നിലകൊണ്ടത്’: കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരിച്ച് ബ്രിജ് ഭൂഷൺ
ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ഡൽഹി വിചാരണ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്. കോടതി വിധിയിൽ അതിയായ സന്തോഷമുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. തന്നെ തൂക്കിക്കൊല്ലണമെന്നും ജീവനോടെ കത്തിക്കണമെന്നും ആക്രോശിച്ചവർ ഇപ്പോൾ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം തുറന്നടിച്ചു. ബ്രിജ് ഭൂഷണിനൊപ്പം കേസിലെ കൂട്ടുപ്രതിയും ഡബ്ല്യു.എഫ്.ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനെയും കോടതി വെറുതെ വിട്ടിരുന്നു.
കേസിന്റെ ആദ്യ ദിവസം തന്നെ തനിക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടാൽ തൂങ്ങിമരിക്കുമെന്ന് താൻ പറഞ്ഞിരുന്നതായി ബ്രിജ് ഭൂഷൺ ഓർമ്മിപ്പിച്ചു. ഈ നിമിഷം വരെ ആ നിലപാടിൽ താൻ ഉറച്ചുനിൽക്കുകയായിരുന്നു. ഇതൊരു ഗൂഢാലോചനയാണെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ഏതാണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം കോടതി തന്നെയും വിനോദിനെയും ബഹുമാനത്തോടെ വെറുതെ വിട്ടിരിക്കുകയാണ്. ഇത് തനിക്കും തന്നെ പിന്തുണച്ചവർക്കും വലിയ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ലെന്നും, എക്കാലത്തും ദുർബലരായവർക്കും അവകാശങ്ങൾ ലംഘിക്കപ്പെട്ടവർക്കും വേണ്ടിയാണ് താൻ നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജൂനിയർ അത്ലറ്റുകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് തങ്ങൾ വിജയിച്ചതെന്നും, തന്നെ വിമർശിച്ചവർക്ക് തക്കതായ സമയം വരുമ്പോൾ മറുപടി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, പിന്തുടർന്ന് ശല്യം ചെയ്യൽ, ക്രിമിനൽ ഭീഷണി തുടങ്ങിയ ഗൗരവകരമായ കുറ്റങ്ങൾ ചുമത്തിയായിരുന്നു ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരം നൽകിയ പരാതിയിൽ പോക്സോ കേസും രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, പിന്നീട് പരാതിക്കാരി ഇത് പിൻവലിക്കുകയായിരുന്നു. 2016-നും 2019-നും ഇടയിൽ ഡബ്ല്യു.എഫ്.ഐ ഓഫീസിലും ബ്രിജ് ഭൂഷന്റെ ഔദ്യോഗിക വസതിയിലും വിദേശയാത്രകൾക്കിടയിലുമാണ് ലൈംഗികാതിക്രമങ്ങൾ നടന്നതെന്നായിരുന്നു പ്രധാന ആരോപണം. കോടതിയിൽ പരാതിക്കാരായ ഗുസ്തി താരങ്ങൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകയായ റെബേക്ക ജോണും, ബ്രിജ് ഭൂഷൺ സിങ്ങിനായി അഭിഭാഷകൻ രാജീവ് മോഹനുമാണ് ഹാജരായത്.