03/08/2026
[fontresizer_tawhidurrahmandear_widget]

‘മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷണെ സംരക്ഷിക്കാൻ പ്രവർത്തിച്ചു’; വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് വിനേഷ് ഫോഗട്ട്

 ‘മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷണെ സംരക്ഷിക്കാൻ പ്രവർത്തിച്ചു’; വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കാൻ സർക്കാരും മുഴുവൻ സംവിധാനങ്ങളും തുടക്കം മുതൽ പ്രവർത്തിച്ചുവെന്ന് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷണെ ഡൽഹി റൗസ് അവന്യൂ വിചാരണ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പ്രസ്‌താവനയിലൂടെയായിരുന്നു വിനേഷിന്റെ പ്രതികരണം. വിചാരണ കോടതി വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്നും നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്നും താരം വ്യക്തമാക്കി.

ഭരണകക്ഷിയിലെ ശക്തനായ നേതാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കാൻ തന്നെ വലിയ ധൈര്യം വേണ്ടിവന്നുവെന്നും, രാഷ്ട്രീയ സ്വാധീനവും അധികാരവും ഉപയോഗിച്ച് നിരവധി വനിതാ ഗുസ്‌തി താരങ്ങളെ പരാതികൾ പിൻവലിക്കാൻ നിർബന്ധിച്ചെന്നും വിനേഷ് കുറിച്ചു. എന്നിട്ടും ചിലർ ഉറച്ചുനിന്ന് പോരാടുകയായിരുന്നു. നടപടിക്രമങ്ങളിലുടനീളം മുൻ ഡബ്ല്യു.എഫ്.ഐ മേധാവിയെ സംരക്ഷിക്കുകയായിരുന്നുവെന്നും മുഴുവൻ സംവിധാനവും, സർക്കാരും, സ്ഥാപനവും അദ്ദേഹത്തിനായി നിലകൊണ്ടെന്നും അവർ ആരോപിച്ചു. ലൈംഗികാതിക്രമ ആരോപണങ്ങൾ വിചാരണ കോടതി തള്ളിയതിൽ കടുത്ത നിരാശയുണ്ടെങ്കിലും നീതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും, അപ്പീൽ നൽകാൻ അഭിഭാഷകർക്ക് നിർദേശം നൽകിയതായും അവർ വ്യക്തമാക്കി.

2023-ൽ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന ദീർഘകാല സമരം ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. കേസിലെ അന്വേഷണത്തിന് ശേഷം ഇന്ന് പുറത്തുവന്ന വിധിയിൽ ബ്രിജ് ഭൂഷണെയും മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതെവിടുകയായിരുന്നു. എന്നാൽ വിധിക്ക് പിന്നാലെ, താൻ ഒരിക്കലും കുറ്റക്കാരനായിരുന്നില്ലെന്നും നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടായിരുന്നുവെന്നും സന്തോഷം പങ്കുവെച്ച് ബ്രിജ് ഭൂഷൺ പ്രതികരിച്ചു.

Also read: