28/04/2026
[fontresizer_tawhidurrahmandear_widget]

‘ഒറ്റ ദിവസം കൂടെക്കിടന്നാൽ മതി; ചോദിക്കുന്ന പദവി നൽകാം’-ബിജെപി നേതാവിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി വനിതാ നേതാവ് പാർട്ടി വിട്ടു

 ‘ഒറ്റ ദിവസം കൂടെക്കിടന്നാൽ മതി; ചോദിക്കുന്ന പദവി നൽകാം’-ബിജെപി നേതാവിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി വനിതാ നേതാവ് പാർട്ടി വിട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹോബയിൽ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി പാർട്ടിയിലെ വനിതാ നേതാവ് രംഗത്ത്. ഉന്നത പദവികൾ വാഗ്ദാനം ചെയ്ത് മഹോബ ബിജെപി ജില്ലാ പ്രസിഡന്റ് മോഹൻലാൽ കുശ്വാഹ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് ബിജെപി മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന യുവതി വെളിപ്പെടുത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽനിന്ന് രാജിവെച്ചതായും അവർ അറിയിച്ചു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. രാഷ്ട്രീയത്തിൽ ഉയർന്ന പദവികൾ നൽകണമെങ്കിൽ തന്നോടൊപ്പം ഒരു രാത്രി ചെലവഴിക്കണമെന്ന് മോഹൻലാൽ കുശ്വാഹ ആവശ്യപ്പെട്ടതായാണ് യുവതിയുടെ ആരോപണം. ‘ഒറ്റത്തവണ മാത്രം കിടക്ക പങ്കിട്ടാൽ മതി. നിനക്ക് വേണ്ട പദവികൾ നൽകാം’ എന്ന് മോഹൻലാൽ തന്നോട് പറഞ്ഞതായി അവര്‍ വീഡിയോയിൽ വ്യക്തമാക്കുന്നു.

തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് തടയിടാൻ ജില്ലാ പ്രസിഡന്റ് ശ്രമിച്ചതായും വനിതാ നേതാവ് ആരോപിക്കുന്നു. തന്നെ പാർട്ടിയിൽ ഒതുക്കാൻ ശ്രമിക്കുകയാണെന്നും അർഹമായ പദവികൾ നൽകുന്നില്ലെന്നും പരാതിപ്പെട്ടപ്പോഴാണ് മോഹൻലാൽ കുശ്വാഹയിൽനിന്ന് ഇത്തരത്തിൽ മോശം അനുഭവം ഉണ്ടായതെന്ന് അവര്‍ പറഞ്ഞു. ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് ജില്ലാ പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും, ഇതിൽ മനംനൊന്താണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും മഹിളാ മോർച്ചയിലെ പദവിയിൽനിന്നും താൻ രാജിവെക്കുന്നതെന്നും യുവതി വ്യക്തമാക്കി.

മഹോബയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ് സംഭവം. യുവതി പാർട്ടിക്കുള്ളിലെ സജീവ പ്രവർത്തകയായിരുന്നു. മഹിളാ മോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ നിരവധി പ്രവർത്തനങ്ങളിൽ അവർ ഏർപ്പെട്ടിരുന്നു. എന്നാൽ പാർട്ടിക്കുള്ളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന തരത്തിലുള്ള ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

പ്രതിപക്ഷ പാർട്ടികൾ ഈ വിഷയം ഏറ്റെടുത്തു കഴിഞ്ഞു. ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മഹിളാ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന ബിജെപിയുടെ സ്വന്തം നേതാക്കൾ തന്നെ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ലജ്ജാകരമാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.

അതേസമയം, ആരോപണ വിധേയനായ മോഹൻലാൽ കുശ്വാഹയോ ബിജെപി സംസ്ഥാന നേതൃത്വമോ വിഷയത്തിൽ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോപണം തെളിയിക്കപ്പെട്ടാൽ മോഹൻലാലിനെതിരെ പാർട്ടി കർശന നടപടിയെടുക്കുമോ അതോ ആരോപണം തള്ളിക്കളയുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. വീഡിയോ വൈറലായതോടെ പോലീസും സംഭവത്തിൽ ഇടപെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also read: