09/09/2026
[fontresizer_tawhidurrahmandear_widget]

കൊളസ്‌ട്രോൾ നോർമൽ ആണോ? എങ്കിലും ഹൃദയാഘാതം വരാം; സാധാരണ പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്ത 7 ഹൃദയാഘാത മുന്നറിയിപ്പുകൾ

 കൊളസ്‌ട്രോൾ നോർമൽ ആണോ? എങ്കിലും ഹൃദയാഘാതം വരാം; സാധാരണ പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്ത 7 ഹൃദയാഘാത മുന്നറിയിപ്പുകൾ

ഹൃദയാഘാതം എന്നുകേൾക്കുമ്പോൾ ആദ്യം ഓർമവരുന്നത് ഉയർന്ന കൊളസ്ട്രോൾ നിരക്കാണ്. കൊളസ്ട്രോൾ പരിശോധനാ റിപ്പോർട്ട് സാധാരണ നിലയിലാണെങ്കിൽ ഹൃദയം സുരക്ഷിതമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഒരു സംഖ്യയുടെ അടിസ്ഥാനത്തിൽ മാത്രം ഹൃദയാഘാത സാധ്യത വിലയിരുത്താനാകില്ല. ഹൃദയാരോഗ്യത്തിൽ കൊളസ്ട്രോൾ ഒരു പ്രധാന ഘടകമാണെങ്കിലും, അത് ഹൃദയാഘാത സാധ്യതയുടെ പൂർണ്ണരൂപം നൽകുന്നില്ലെന്ന് ജയ്പൂരിലെ ഇ.എച്ച്.സി.സി ഹോസ്പിറ്റലിലെ കാർഡിയാക് സയൻസസ് ചെയർമാൻ ഡോ. അജീത് ബാന പറയുന്നു. ജനിതക, ഉപാപചയ, ജീവിതശൈലി, രക്തക്കുഴലുകളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളുടെ സംയോജനത്തിലൂടെയാണ് ഹൃദ്രോഗങ്ങൾ വികസിക്കുന്നത്. ഇവയിൽ പലതും സാധാരണ ലിപിഡ് പ്രൊഫൈൽ പരിശോധനകളിൽ കണ്ടെത്താനാകില്ല എന്നതാണ് യാഥാർത്ഥ്യം.

ഒരു വ്യക്തിയുടെ കൊളസ്ട്രോൾ നില സാധാരണമാണെങ്കിലും രക്തസമ്മർദ്ദമോ പ്രമേഹമോ നിയന്ത്രണവിധേയമല്ലെങ്കിൽ ഹൃദയാഘാത സാധ്യത വർദ്ധിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ധമനികളുടെ ഭിത്തികളിൽ നിരന്തരമായ സമ്മർദ്ദം ചെലുത്തുമ്പോൾ, ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കാലക്രമേണ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇതിനുപുറമെ വയറ്റിലെ കൊഴുപ്പ്, വ്യായാമമില്ലായ്മ, പുകയില ഉപയോഗം എന്നിവയും ഹൃദയത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ ഡോക്ടർമാർ കൊളസ്ട്രോൾ മാത്രമല്ല, മൊത്തത്തിലുള്ള ഉപാപചയ പ്രവർത്തനങ്ങളാണ് പരിശോധിക്കുന്നത്. മോശം ഉറക്കം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. രക്തപരിശോധനാ റിപ്പോർട്ടുകൾ സാധാരണ നിലയിലാണെങ്കിൽപ്പോലും പുകവലിയും വ്യായാമമില്ലായ്മയും അപകടസാധ്യത നിലനിർത്തുന്നു. കുടുംബ പശ്ചാത്തലത്തിനും ഇതിൽ വലിയ പങ്കുണ്ട്. മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ചെറുപ്പത്തിൽ ഹൃദയാഘാതം വന്നിട്ടുണ്ടെങ്കിൽ അത് ജനിതകപരമായ അപകടസാധ്യതയുടെ സൂചനയായി കണക്കാക്കാം.

സാധാരണ പരിശോധനകളിൽ പലപ്പോഴും വിട്ടുപോകുന്ന മറ്റൊരു പ്രധാന ഘടകമാണ് ലിപ്പോപ്രോട്ടീൻ(എ) അഥവാ എൽ.പി(എ). ജനിതകമായി ഉണ്ടാകുന്ന ഇവ സാധാരണ ലിപിഡ് പ്രൊഫൈൽ ടെസ്റ്റുകളിൽ ഉൾപ്പെടാറില്ലെങ്കിലും ഹൃദയാഘാത സാധ്യത വലിയ തോതിൽ വർദ്ധിപ്പിക്കുന്നു. 2026-ലെ എ.സി.സി/എ.എച്ച്.എ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പ്രായപൂർത്തിയായവരിൽ ഒരിക്കലെങ്കിലും എൽ.പി(എ) പരിശോധന നടത്തേണ്ടതുണ്ട്. ഇന്ത്യക്കാർ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ ജനവിഭാഗങ്ങളിൽ എൽ.പി(എ) അളവ് കൂടുതലായി കാണപ്പെടുന്നതിനാൽ ഈ പരിശോധനയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഡോ. ബാന വ്യക്തമാക്കുന്നു. അപ്പോലിപ്പോപ്രോട്ടീൻ ബി അഥവാ അപ്പോബി (ApoB) ആണ് മറ്റൊരു പ്രധാന ഘടകം. പ്രമേഹം, ഉയർന്ന ട്രൈഗ്ലിസറൈഡുകൾ അല്ലെങ്കിൽ മറ്റ് ഉപാപചയ പ്രശ്നങ്ങൾ ഉള്ളവരിൽ കൊളസ്ട്രോളിന്റെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാൻ എൽ.ഡി.എൽ കൊളസ്ട്രോൾ പരിശോധനയ്ക്ക് മാത്രം കഴിയില്ല. ഇത്തരം സന്ദർഭങ്ങളിൽ അപ്പോബി പരിശോധന നിർണായകമാണ്.

രക്തപരിശോധനകളിലൂടെ രോഗസാധ്യതകൾ മനസ്സിലാക്കാമെങ്കിലും ഹൃദയത്തിലേക്കുള്ള ധമനികളിൽ തടസ്സങ്ങൾ അഥവാ പ്ലാക്ക് രൂപപ്പെട്ടിട്ടുണ്ടോ എന്ന് നേരിട്ട് കണ്ടെത്താനാകില്ല. ഇതിനായി കൊറോണറി ആർട്ടറി കാൽസ്യം (CAC) സ്കോറിങ് എന്ന സിടി സ്കാൻ പരിശോധനയാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. യു.എസ് നാഷണൽ ഹാർട്ട്, ലംഗ് ആൻഡ് ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തിൽ ആവശ്യമുള്ളവരിൽ മാത്രം നടത്തേണ്ട ഈ പരിശോധനയിലൂടെ രോഗസാധ്യതകൾ കൃത്യമായി വിലയിരുത്താനും പ്രതിരോധ ചികിത്സകൾ ആരംഭിക്കാനും സാധിക്കും. പരിശോധനാ ഫലം പൂജ്യം ആണെങ്കിൽപ്പോലും എല്ലാവിധ ഹൃദ്രോഗങ്ങളും ഒഴിവാക്കപ്പെട്ടുവെന്ന് ഇതിനർത്ഥമില്ല.

പരിശോധനാ റിപ്പോർട്ടുകൾ സാധാരണ നിലയിലാണെങ്കിലും ശരീരം നൽകുന്ന ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിശദീകരിക്കാനാകാത്ത നെഞ്ചുവേദന, ശ്വാസതടസ്സം, വ്യായാമം ചെയ്യാനുള്ള ബുദ്ധിമുട്ട്, അസാധാരണമായ ക്ഷീണം, അമിതമായ നെഞ്ചിടിപ്പ് എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്. ലഭ്യമായ എല്ലാ പരിശോധനകളും നടത്തുകയെന്നതല്ല, മറിച്ച് കൃത്യമായ വ്യക്തികളിൽ ശരിയായ അപകടസാധ്യതകൾ കണ്ടെത്തി നേരത്തെ തന്നെ പ്രതിരോധിക്കുക എന്നതാണ് പ്രിവന്റീവ് കാർഡിയോളജിയുടെ ലക്ഷ്യമെന്ന് ഡോ. ബാന കൂട്ടിച്ചേർക്കുന്നു. ചുരുക്കത്തിൽ, ഹൃദയാരോഗ്യം എന്നത് ഒരു റിപ്പോർട്ടിലെ സംഖ്യ മാത്രമല്ല, മറിച്ച് രക്തസമ്മർദ്ദം, പ്രമേഹം, ശരീരപ്രകൃതി, ജീവിതശൈലി, പാരമ്പര്യം, ധമനികളിലെ തടസ്സങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു വലിയ ചിത്രമാണ്.

Also read: