04/09/2026
[fontresizer_tawhidurrahmandear_widget]

‘അപകടസാധ്യതകൾ നിലനിൽക്കെത്തന്നെ യാത്ര തുടരാൻ സമ്മർദ്ദം, ജീവൻ പണയം വെച്ച് ഹോർമുസ് കടക്കാൻ കമ്പനി നിർബന്ധിക്കുന്നു’;സഹായം തേടി 16 ഇന്ത്യൻ നാവികർ

 ‘അപകടസാധ്യതകൾ നിലനിൽക്കെത്തന്നെ യാത്ര തുടരാൻ സമ്മർദ്ദം, ജീവൻ പണയം വെച്ച് ഹോർമുസ് കടക്കാൻ കമ്പനി നിർബന്ധിക്കുന്നു’;സഹായം തേടി 16 ഇന്ത്യൻ നാവികർ

ന്യൂഡൽഹി: പേർഷ്യൻ ഗൾഫിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഓടിക്കാൻ കമ്പനി മാനേജ്‌മെൻ്റ് കടുത്ത സമ്മർദ്ദം ചെലുത്തുന്നുവെന്ന പരാതിയുമായി ഇന്ത്യൻ നാവികർ രംഗത്ത്. മാർഷൽ ദ്വീപുകളുടെ പതാക വഹിക്കുന്ന ‘എ.എം പയനിയർ’ എന്ന ഓഫ്‌ഷോർ സപ്ലൈ കപ്പലിലെ ക്യാപ്റ്റൻ അനിൽ രാജ് ഉൾപ്പെടെയുള്ള 16 നാവികരാണ് വീഡിയോ സന്ദേശത്തിലൂടെ അടിയന്തര സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. യു.എ.ഇയിലെ റാസൽഖൈമയിൽ നിന്ന് ഫുജൈറയിലേക്ക് ഈ അപകടസാധ്യതയുള്ള പാതയിലൂടെ സഞ്ചരിക്കാനാണ് നാവികർക്ക് മേൽ കമ്പനി നിർബന്ധം പിടിക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ആശയവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും ഓഫ് ചെയ്തും യാത്ര ചെയ്യാൻ കമ്പനി നിർബന്ധിക്കുന്നുവെന്നാണ് പ്രധാന ആരോപണം. മേഖലയിലെ സംഘർഷാവസ്ഥ ശമിച്ച് കപ്പൽ ഗതാഗതം സുരക്ഷിതമാകുന്നത് വരെ ഈ യാത്ര മാറ്റിവെക്കാമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാൽ നിലവിലെ കടുത്ത അപകടസാധ്യതകൾ നിലനിൽക്കെത്തന്നെ യാത്ര തുടരാൻ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് നാവികർ ഗത്യന്തരമില്ലാതെ എസ്.ഒ.എസ് സന്ദേശം പുറത്തുവിട്ടത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫാർഡ് മാരിടൈം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ കപ്പലിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.

ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്.എസ്.യു.ഐ) ആണ് നാവികരുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. രാത്രിയിൽ ആശയവിനിമയ സംവിധാനങ്ങൾ ഓഫ് ചെയ്‌ത നിലയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. കുടുങ്ങിക്കിടക്കുന്ന 16 ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം, തുറമുഖ-ഷിപ്പിംഗ് മന്ത്രാലയം, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് എന്നിവർ അടിയന്തരമായി ഇടപെടണമെന്ന് എഫ്‌.എസ്.യു.ഐ ആവശ്യപ്പെട്ടു. ജീവനക്കാർക്ക് ലഭിക്കാനുള്ള പൂർണ ശമ്പളവും കരാർ പ്രകാരമുള്ള മറ്റ് കുടിശ്ശികകളും നൽകി ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നാണ് യൂണിയന്റെ പ്രധാന ആവശ്യം. ആഗോള ഊർജ വിതരണത്തിൻ്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ ഇപ്പോഴത്തെ സംഘർഷാവസ്ഥ വാണിജ്യ കപ്പലുകൾക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

Also read: