02/09/2026
[fontresizer_tawhidurrahmandear_widget]

‘മിതവാദിയായ ഹിന്ദുവായിരുന്നു, ഇനി ഉണർന്ന ഹിന്ദുവായി സംഘിയാകണം’; കങ്കണ റണാവത്ത്

 ‘മിതവാദിയായ ഹിന്ദുവായിരുന്നു, ഇനി ഉണർന്ന ഹിന്ദുവായി സംഘിയാകണം’; കങ്കണ റണാവത്ത്

ന്യൂഡൽഹി: ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങൾ പൂർണമായി ഉൾക്കൊണ്ട് ഒരു സംഘിയാകാനും ഉണർന്ന ഹിന്ദുവായി മാറാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് പ്രസ്താവിച്ചു. വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരായ തന്റെ മുൻ പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി എക്സിൽ പങ്കുവെച്ച പുതിയ വീഡിയോ സന്ദേശത്തിലാണ് കങ്കണയുടെ തുറന്നുപറച്ചിൽ.

“അതെ, ഞാൻ മുമ്പ് ഒരു മിതവാദിയായ ഹൈന്ദവ വിശ്വാസിയായിരുന്നു. എന്നാൽ ഇന്ന് ആളുകൾ ‘എപ്പോഴാണ് നീ ഒരു സംഘിയായത്?’ എന്ന് ചോദിക്കുമ്പോൾ, എനിക്ക് ഒരു സംഘിയാകാനാണ് ആഗ്രഹമെന്ന് ഞാൻ പറയുന്നു,” എന്ന് കങ്കണ വ്യക്തമാക്കുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങളെ തോളിലേറ്റാനും ഹൈന്ദവരെ ഉണർത്തുന്ന ആ പ്രത്യയശാസ്ത്രത്തിലേക്ക് മാറാനും തനിക്ക് ആഗ്രഹമുണ്ടെന്നും, എന്തുകൊണ്ടാണ് ആ വഴി തനിക്ക് മുന്നിൽ കൊട്ടിയടയ്ക്കപ്പെടുന്നതെന്നും അവർ ചോദിക്കുന്നു. തനിക്കെതിരെ 10 വർഷം പഴക്കമുള്ള വാർത്തകൾ കുത്തിപ്പൊക്കുന്നവർക്ക് മുന്നിൽ, മാറാൻ ആഗ്രഹിക്കുന്ന വ്യക്തതയുള്ള ഒരു ഹിന്ദുവാണ് താനെന്നും കങ്കണ കൂട്ടിച്ചേർത്തു.

സിനിമാ രംഗത്തെ ചില അഭിനേതാക്കളുടെ നിലപാടുകളെയും കങ്കണ തന്റെ പ്രസ്താവനയിലൂടെ വിമർശിച്ചു. “ചില ഹിന്ദു അഭിനേതാക്കൾ വിവാഹത്തിലൂടെയോ സൗഹൃദത്തിലൂടെയോ ഇസ്‌ലാമിസ്റ്റുകളുമായി ബന്ധം സ്ഥാപിക്കുമ്പോൾ കൂടുതൽ തീവ്രനിലപാടുകാരോ ഇടതുപക്ഷ ചിന്താഗതിക്കാരോ ആയി മാറുന്നു,” എന്ന് അവർ ആരോപിച്ചു. അതേസമയം, ഭരണഘടന ഏത് മതവും പ്രത്യയശാസ്ത്രവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതിനാൽ അതിൽ തെറ്റില്ലെന്നും കങ്കണ വ്യക്തമാക്കി.

കഴിഞ്ഞദിവസങ്ങളിൽ സിജെപി പ്രസ്ഥാനത്തെ പിന്തുണച്ച ബോളിവുഡ് നടി സൊനാക്ഷി സിൻഹയെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ പരോക്ഷമായി അധിക്ഷേപിച്ചിരുന്നു. “ഹാഫ് പാന്റുകളും തലതിരിച്ച തൊപ്പിയും ധരിച്ച് പോക്കറ്റടിയന്മാരെ പോലെ വസ്ത്രം ധരിക്കുന്ന സിനിമ മേഖലയിലെ ഹിന്ദു യുവതി” എന്നായിരുന്നു കങ്കണയുടെ പരാമർശം. കൂടാതെ, ജന്തർമന്തറിൽ പ്രതിഷേധിക്കുന്നവരെ ‘ജനറേഷൻ ഗട്ടർ’ എന്ന് വിളിച്ചതും, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നവർ രാജ്യത്തിന് അപമാനമാണ് എന്ന് വിമർശിച്ചതും വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്.

Also read: