“എംഎൽഎയായി ഒരു വർഷത്തിനുള്ളിൽ റോൾസ് റോയ്‌സ്”? ബിജെപി എംഎൽഎ മൈഥിലി താക്കൂറിന് വിമർശനം; “ഞങ്ങൾ ദാരിദ്ര്യം പിടിച്ചു കിടക്കണം എന്നാണോ നിങ്ങൾ പറയുന്നത്”? പിന്തുണയുമായി കങ്കണ റണാവത്ത്
പട്ന: ഗായികയും ബിഹാറിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ മൈഥിലി താക്കൂർ അടുത്തിടെ ഒരു ലക്ഷ്വറി കാർ സ്വന്തമാക്കിയതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടുകയാണ്. മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ചാ രാജ പന്തലിൽ 13 കോടിയിലധികം രൂപ വിലവരുന്ന ആഡംബര കാറിലെത്തിയതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന എംഎൽഎ മൈഥിലി താക്കൂറിന് പിന്തുണയുമായി ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് രംഗത്തെത്തിയിരിക്കുകയാണ്.
കുറച്ചുദിവസങ്ങൾക്ക് മുൻപ് ഒരു നീല നിറത്തിലുള്ള റോൾസ് റോയ്‌സ് കള്ളിനൻ കാറിലാണ് മൈഥിലി പന്തലിൽ എത്തിയത്. എന്നാൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ എങ്ങനെയാണ് ഇത്രയും വലിയൊരു ആഡംബര വാഹനം സ്വന്തമാക്കാൻ ഇവർക്ക് കഴിഞ്ഞത് എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രധാന വിമർശനം. ബിഹാറിൽ നിന്നുള്ള ബിജെപി എംഎൽഎ കൂടിയായ മൈഥിലിക്ക് നേരെ ഉയർന്ന ഈ വിമർശനങ്ങൾക്ക് മറുപടിയുമായാണ് ഇപ്പോൾ കങ്കണ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയക്കാർ തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ വിമർശകർക്ക് എന്തിനാണ് ഇത്ര ബുദ്ധിമുട്ടെന്ന് കങ്കണ ചോദിക്കുന്നു.
രാഷ്ട്രീയക്കാർ നല്ല രീതിയിൽ ജീവിക്കുന്നത് കാണുമ്പോൾ ചിലർക്ക് വല്ലാത്ത അസഹിഷ്ണുത ഉണ്ടാകുന്നുണ്ടെന്ന് കങ്കണ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഒരു ആഡംബര കാർ ഉപയോഗിച്ചതിന്റെ പേരിലാണ് നമ്മുടെ യുവ എംഎൽഎ ഇപ്പോൾ ട്രോളുകൾ നേരിടുന്നത്. സാമൂഹിക സേവനത്തോട് താല്പര്യമുള്ളവരാണെങ്കിലും തങ്ങൾക്കും സ്വന്തമായി കരിയറും ജീവിതവും പ്രശസ്തിയുമുണ്ടെന്ന് കങ്കണ ഓർമ്മിപ്പിച്ചു. പൊതുജനക്ഷേമത്തിനായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവർ നല്ല നിലയിൽ ജീവിക്കുന്നത് കാണുമ്പോൾ ചിലർക്ക് വലിയ ബുദ്ധിമുട്ടാണ്. എന്തുകൊണ്ട് തങ്ങൾക്കും നല്ല രീതിയിൽ ജീവിച്ചുകൂടാ എന്നും അവർ ചോദിക്കുന്നു. പൊതുജനങ്ങളുടെ പണത്തിൽ തങ്ങൾക്ക് യാതൊരു താല്പര്യവുമില്ലെന്നും, എന്നാൽ തങ്ങൾ എപ്പോഴും ദാരിദ്ര്യത്തിലും യാതൊരു സൗകര്യങ്ങളുമില്ലാതെ കഴിയണമെന്ന് പ്രതീക്ഷിക്കുന്നത് തികച്ചും യുക്തിരഹിതമായ കാര്യമാണെന്നും കങ്കണ തുറന്നടിച്ചു.
2025-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മൈഥിലി താക്കൂർ ആർജെഡിയുടെ കരുത്തനായ നേതാവ് വിനോദ് മിശ്രയെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് രാഷ്ട്രീയ രംഗത്ത് വരവറിയിച്ചത്. ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ കൂടിയാണ് അവർ. രാഷ്ട്രീയത്തിന് പുറമെ പ്രശസ്തയായ ഒരു ഗായിക കൂടിയാണ് മൈഥിലി. ബിഹാറിലെ മധുബാനി ജില്ലയിലുള്ള ബേനിപ്പട്ടി സ്വദേശിയായ അവർ, പിന്നീട് സംഗീത പഠനത്തിനായി കുടുംബത്തോടൊപ്പം ന്യൂഡൽഹിയിലെ ദ്വാരകയിലേക്ക് താമസം മാറുകയായിരുന്നു. സംഗീത അധ്യാപകനായ പിതാവ് രമേഷ് താക്കൂറിൽ നിന്നും മുത്തച്ഛനിൽ നിന്നുമാണ് ചെറുപ്പം മുതൽ അവർ സംഗീതം അഭ്യസിച്ചത്. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലും നാടോടി പാട്ടുകളിലും പരിശീലനം നേടിയിട്ടുള്ള അവർ മൈഥിലി, ഭോജ്പുരി, ഭക്തിഗാനങ്ങൾ, സിനിമാ ഗാനങ്ങൾ എന്നിവയെല്ലാം ആലപിക്കാറുണ്ട്. 2017-ൽ റൈസിങ് സ്റ്റാർ ഇന്ത്യ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് മൈഥിലി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. നിലവിൽ യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ അവർക്ക് വലിയ ആരാധകവൃന്ദമുണ്ട്.