‘ഇവിടെ ഞാനാണ് കില്ലാഡി, ഈ പുഴയിൽ നീന്തണമെങ്കിൽ രാഹുൽ ഗാന്ധിക്ക് പ്രത്യേക പരിശീലനം വേണ്ടി വന്നേക്കാം’; വീണ്ടും ഫിറ്റ്നസ് വെല്ലുവിളിയുമായി കിരൺ റിജിജു
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും തമ്മിലുള്ള സൗഹൃദപരമായ ഫിറ്റ്നസ് വെല്ലുവിളികൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകാറുണ്ട്. മാർഷൽ ആർട്സായ ജിയു-ജിറ്റ്സുവുമായി തുടങ്ങിയ ഇരുവരുടെയും ഈ ഫിറ്റ്നസ് പോര് ഇപ്പോൾ എത്തിനിൽക്കുന്നത് അരുണാചൽ പ്രദേശിലെ കുത്തിയൊഴുകുന്ന നദിയിലെ നീന്തലിലാണ്.
അരുണാചൽ പ്രദേശിലെ അതിശക്തമായ മലവെള്ളപ്പാച്ചിലുള്ള നദിയിൽ നീന്തുന്ന സ്വന്തം വീഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് കിരൺ റിജിജു രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചതിങ്ങനെയാണ്: “ഇവിടെ ഞാനാണ് കില്ലാഡി (Mein yahan ka khiladi hun). ഞാൻ രാഹുൽ ഗാന്ധിയെ അനുകരിക്കുകയാണെന്ന് പലരും പറയുന്നു. എന്നാൽ ഈ കാര്യത്തിന് രാഹുലിന് ഒരുപക്ഷെ പ്രത്യേക പരിശീലനം വേണ്ടി വന്നേക്കാം. എനിക്കിത് കുട്ടിക്കാലം മുതലേയുള്ള ശീലമായതിനാൽ പ്രത്യേകിച്ച് ട്രെയിനിങ് ആവശ്യമില്ല; ഇതൊരു കുട്ടിക്കളി മാത്രമാണ്.”
സ്വിമ്മിംഗ് പൂളുകളിലോ യമുനാ നദിയിലോ നീന്തുന്നത് പോലെയല്ല അരുണാചലിലെ ഒഴുക്കുള്ള പുഴകളിൽ നീന്തുന്നതെന്ന് അദ്ദേഹം മറ്റൊരു പോസ്റ്റിലൂടെ വിശദീകരിച്ചു. നീന്തൽ മത്സരങ്ങളിലെപ്പോലെ ശരീരത്തിന്റെ കിടപ്പ് മാറ്റാതെ, തല മുകളിലേക്കുയർത്തി ശരീരം നേരെ നിർത്തിവേണം ഒഴുക്കുള്ള പുഴകളിൽ നീന്താൻ. നീന്തൽ അറിയാത്തവർ യാതൊരു കാരണവശാലും ആഴവും ഒഴുക്കുമുള്ള ഇത്തരം പുഴകളിൽ ഇറങ്ങരുതെന്നും അപകടസാധ്യത വളരെ കൂടുതലാണെന്നും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം ഡിസംബറിലെ പാർലമെൻ്റ് സമ്മേളനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള ഈ ഫിറ്റ്നസ് ചർച്ചകൾ ആദ്യമായി പുറത്തുവരുന്നത്. രാഹുൽ ഗാന്ധിയുമായി രാഷ്ട്രീയം മാറ്റിവെച്ച് ‘ഫിറ്റ് ഇന്ത്യ’ മൂവ്മെന്റിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ അന്ന് റിജിജു പങ്കുവെച്ചിരുന്നു. പിന്നീട് ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തിൽ ലോക്സഭയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ഈ സംഭാഷണം ഓർത്തെടുക്കുകയും, താൻ പരിശീലിക്കുന്ന ജിയു-ജിറ്റ്സു എന്ന മാർഷൽ ആർട്സിനെക്കുറിച്ച് പറയുകയും ചെയ്തു.
ഇതിന് പിന്നാലെ കഴിഞ്ഞ ജൂണിൽ രാഹുലിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട്, “നമുക്ക് എപ്പോഴാണ് ജിയു-ജിറ്റ്സു സെഷൻ ഉള്ളത്?” എന്ന് കിരൺ റിജിജു ചോദിച്ചിരുന്നു. ഈ സൗഹൃദ സംഭാഷണങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ നദിയിലെ നീന്തൽ പരിചയം ചൂണ്ടിക്കാണിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.