03/09/2026
[fontresizer_tawhidurrahmandear_widget]

‘ചോദ്യങ്ങളെ ഭയപ്പെടുന്ന ഭീരുക്കൾ; ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന് ബിജെപി കരുതേണ്ട’; ആഞ്ഞടിച്ച് പ്രകാശ് രാജ്

 ‘ചോദ്യങ്ങളെ ഭയപ്പെടുന്ന ഭീരുക്കൾ; ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന് ബിജെപി കരുതേണ്ട’; ആഞ്ഞടിച്ച് പ്രകാശ് രാജ്

ബെംഗളൂരു: ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി ചോദ്യങ്ങൾ ചോദിക്കുന്നവരുടെ വായടപ്പിക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് പ്രമുഖ നടൻ പ്രകാശ് രാജ്. കർണാടകയിലെ പ്രശസ്ത നാടക കൂട്ടായ്മയായ ‘സമുദായ’യുടെ അൻപതാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ധാർവാഡിലെത്തിയ തനിക്ക് നേരെ ബിജെപി ഗുണ്ടകളെ അയച്ചതായി അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചു.

രാജ്യത്തെയും യുവാക്കളെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളും സമൂഹത്തിൽ കലയുടെ സ്വാധീനവും ചർച്ച ചെയ്യുന്നതിനായി മൂന്ന് ദിവസത്തെ ശില്പശാലകളും സെമിനാറുകളുമാണ് ‘സമുദായ’ സംഘടിപ്പിച്ചത്. എന്നാൽ ഇത്തരം അർത്ഥവത്തായ ചർച്ചകൾ നടക്കുന്നതിലുള്ള അസഹിഷ്ണുത കാരണമാണ് പരിപാടി തടസ്സപ്പെടുത്താൻ ബിജെപി ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റേയും സഹപ്രവർത്തകരായ അഭിജിത് ദീപ്‌കേ, നേഹ ബോറ എന്നിവരുടെയും പോസ്റ്ററുകളിൽ മഷിയൊഴിച്ച നടപടിക്കെതിരെ അതിരൂക്ഷമായാണ് പ്രകാശ് രാജ് പ്രതികരിച്ചത്.

‘ചോദ്യങ്ങൾ ചോദിക്കുന്നു എന്ന ഒറ്റ കാരണത്താലാണോ ഞങ്ങൾക്ക് നേരെ മഷിയൊഴിക്കുന്നത്? മഷികൊണ്ട് എഴുതുകയും വായിക്കുകയുമാണ് വേണ്ടത്, അല്ലാതെ അത് മറ്റുള്ളവർക്ക് നേരെ വലിച്ചെറിയുകയല്ല എന്ന് വിദ്യാസമ്പന്നയായ പെൺകുട്ടി നേഹ ബോറ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ? ഇത്തരം ബാലിശമായ കളികൾ നിർത്തണം’ – അദ്ദേഹം ആവശ്യപ്പെട്ടു.

സിനിമയും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്നും പ്രകാശ് രാജ് എതിരാളികളെ ഓർമ്മിപ്പിച്ചു. സിനിമകളിൽ ഗുണ്ടായിസവും തോക്കും പണവും പ്രശസ്തിയും നേടിത്തന്നേക്കാം, എന്നാൽ യഥാർത്ഥ ജീവിതത്തിൽ അത് നിയമവിരുദ്ധവും ക്രിമിനൽ ചിന്താഗതിയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചോദ്യങ്ങളെ ഭയപ്പെടുന്ന ഭീരുക്കളുടെ പ്രവൃത്തികളാണിതെന്ന് വിമർശിച്ച പ്രകാശ് രാജ്, ഒരു അഭിമാനിയായ ‘ദിമാഗി നക്സലി’ന്റെ ഉപദേശമായി ഇതിനെ കണ്ടാൽ മതിയെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

Also read: