04/09/2026
[fontresizer_tawhidurrahmandear_widget]

‘ഏത് സ്വാതന്ത്ര്യ സമരത്തിലാണ് ആർഎസ്എസ് പങ്കെടുത്തത്?’; രക്തസാക്ഷികളുടെ പട്ടിക ചോദിച്ച് പ്രിയങ്ക് ഖാർഗെ, മറുപടിയുമായി ബിജെപി

 ‘ഏത് സ്വാതന്ത്ര്യ സമരത്തിലാണ് ആർഎസ്എസ് പങ്കെടുത്തത്?’; രക്തസാക്ഷികളുടെ പട്ടിക ചോദിച്ച് പ്രിയങ്ക് ഖാർഗെ, മറുപടിയുമായി ബിജെപി

ബെംഗളൂരു: ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന്റെ പങ്ക് എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷികളായ 500 കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക നൽകാൻ തനിക്ക് കഴിയും, സമാനമായി 50 പേരുടെ പട്ടികയെങ്കിലും നൽകാൻ ആർഎസ്എസിന് സാധിക്കുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

വിഭജന കാലത്തെ വർഗീയ കലാപങ്ങളിൽ ജനങ്ങളെ സംരക്ഷിക്കാൻ സംഘടന എന്ത് പങ്കാണ് വഹിച്ചതെന്നും ഖാർഗെ ചോദിച്ചു. ആർഎസ്എസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഒരു സംഘടനയല്ലാത്തതിനാൽ അതിനെ നിരോധിക്കാൻ പോലും സാധിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു. “ഒരു സംഘടനയെ നിരോധിക്കണമെങ്കിൽ ആദ്യം അത് രജിസ്റ്റർ ചെയ്തിരിക്കേണ്ടതല്ലേ?” എന്നും ഖാർഗെ ചോദിച്ചു.

സർക്കാർ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സംഘടനകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായി കർണാടക സർക്കാർ കൊണ്ടുവരുന്ന പുതിയ ബിൽ ആർഎസ്എസിനെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന ബിജെപിയുടെ ആരോപണവും അദ്ദേഹം തള്ളി. രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ ഏത് സംഘടനകൾക്കും പൊതുസ്വത്ത് ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾക്ക് നിയമപരമായ അടിത്തറ നൽകുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ബില്ലിൽ ഏതെങ്കിലും സംഘടനയുടെ പേര് പരാമർശിച്ചിട്ടുണ്ടോ എന്ന് ബിജെപി വ്യക്തമാക്കണം. അവരുടെ വിമർശനങ്ങളെ ‘പ്രിയങ്ക് ഫോബിയ’ ആയി മാത്രമേ കാണുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രിയങ്ക് ഖാർഗെയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് ബി.എൽ. സന്തോഷ് രംഗത്തെത്തി. ആർഎസ്എസിന്റെ നിലനിൽപ്പിന് ഔദ്യോഗിക രജിസ്ട്രേഷൻ ആവശ്യമില്ലെന്നും, ജനങ്ങളുടെ വിശ്വാസമാണ് സംഘടനയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. വിഭജന കാലത്ത് ജനങ്ങൾക്കൊപ്പം നിന്നത് ആർഎസ്എസ് ആണെന്നും ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

Also read: