04/09/2026
[fontresizer_tawhidurrahmandear_widget]

‘വി.സി മോഹനൻ കുന്നുമ്മൽ നാണംകെട്ടു, കുട്ടികൾ മുഖമടച്ച് നൽകിയില്ലേ’- മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ

 ‘വി.സി മോഹനൻ കുന്നുമ്മൽ നാണംകെട്ടു, കുട്ടികൾ മുഖമടച്ച് നൽകിയില്ലേ’- മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ

തിരുവനന്തപുരം: കോക്രോച്ച് ജനത പാർട്ടിയെ ഇകഴ്ത്താൻ ശ്രമിച്ച കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ചില പരാമർശങ്ങൾ പറയിപ്പിക്കാൻ ശ്രമിച്ച വിസിക്ക് വിദ്യാർഥികൾ അർഹിച്ച മറുപടി നൽകി അപഹാസ്യനാക്കിയെന്ന് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ മുഴുവൻ ജനങ്ങളും ഇന്ന് വിസിയുടെ നിലപാടുകൾക്ക് എതിരാണെന്നും അദ്ദേഹം സ്വയം രാജിവെച്ച് ഒഴിയേണ്ട സമയം പണ്ടേ കഴിഞ്ഞതാണെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു. വീട്ടിൽ യുവാക്കളായ മക്കളുണ്ടെങ്കിൽ അവർ തന്നെ ഇത്തരം പ്രവർത്തികൾക്ക് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം പരിഹസിച്ചു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് വിവാദ സംഭവം ഉണ്ടായത്. “നിങ്ങൾ പാറ്റകളല്ലെന്ന് ഒന്ന് ഉറക്കെ പറഞ്ഞേ” എന്ന് വിസി സദസ്സിലുള്ള കുട്ടികളോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ഭൂരിഭാഗം പേരും പ്രതികരിക്കാൻ തയ്യാറായില്ല. നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് ഇതിനോട് മറുപടി പറഞ്ഞത്. തുടർന്ന് കുട്ടികൾ ഈ രാജ്യത്തിന്റെ കരുത്തരായ സിംഹങ്ങളാണെന്നും ഇഷ്ടമുള്ള കോഴ്സുകൾ തെരഞ്ഞെടുത്ത് പഠിക്കണമെന്നും വിസി പറഞ്ഞു.

കഴിഞ്ഞദിവസം ആർഎസ്എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച ‘സങ്കൽപ്പ് 2026’ പരിപാടിയിൽ സംസാരിക്കവെ വന്ദേമാതരത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സംവിധാനത്തിനെതിരെയും മോഹനൻ കുന്നുമ്മൽ നടത്തിയ ആരോപണങ്ങൾ വലിയ വിവാദമായിരുന്നു. ഭാരതഭൂമിയെ മാതാവായി കാണാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത് എന്നായിരുന്നു വിസിയുടെ പ്രസ്താവന.

Also read: