23/10/2026
[fontresizer_tawhidurrahmandear_widget]

സ്‌കൂളിന് അവധി ലഭിക്കാൻ സഹപാഠിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; എട്ടാം ക്ലാസുകാർക്കെതിരെ നടപടി

 സ്‌കൂളിന് അവധി ലഭിക്കാൻ സഹപാഠിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; എട്ടാം ക്ലാസുകാർക്കെതിരെ നടപടി

അമരാവതി: സ്‌കൂളിൽ കുട്ടി മരിച്ചാൽ അവധി പ്രഖ്യാപിക്കുമെന്ന ധാരണയിൽ ഹോസ്റ്റൽ റൂംമേറ്റിനെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ സഹപാഠികളുടെ ശ്രമം. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലുള്ള ഗ്യാരംപള്ളി ഗുരുകുല റെസിഡൻഷ്യൽ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർഥികളായ രണ്ടുപേരാണ് സഹപാഠിയെ വധിക്കാൻ ശ്രമിച്ചത്. ആക്രമണത്തിനിരയായ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുഖത്ത് തലയണ അമർത്തിപ്പിടിച്ചും കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്താൻ നോക്കിയത്. ശ്വാസംമുട്ടിയ വിദ്യാർഥി ബലം പ്രയോഗിച്ച് പിടിവിടുവിച്ച് ബഹളം വെച്ച് പുറത്തേക്ക് ഓടിയതിനാലാണ് ജീവൻ രക്ഷിക്കാനായത്. രണ്ടാഴ്‌ച മുൻപ് സ്‌കൂളിൽ ഒരു കുട്ടി മരിച്ചപ്പോൾ അവധി നൽകിയിരുന്നു. ഇത് കണ്ട് കൂടുതൽ ദിവസം അവധി ലഭിക്കുമെന്ന വിചിത്രമായ ചിന്തയിലാണ് കുട്ടികൾ ക്രൂരതയ്ക്ക് മുതിർന്നതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

സംഭവം നടന്ന് ഒരാഴ്‌ചയോളം സ്‌കൂൾ അധികൃതർ വിവരം രഹസ്യമാക്കി വെച്ചതായി പരാതിയുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ മണ്ഡൽ എജ്യുക്കേഷൻ ഓഫീസർ റെഡ്ഡിബാഷ സ്‌കൂളിലെത്തി അന്വേഷണം നടത്തി. തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി പ്രതികളായ രണ്ട് കുട്ടികൾക്കും ടി.സി നൽകി പുറത്താക്കി. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അന്നമയ്യ ജില്ലാ പോലീസ് സൂപ്രണ്ട് ധീരജ് കുനുബില്ലി അറിയിച്ചു.

Also read: