19/10/2026
[fontresizer_tawhidurrahmandear_widget]

‘വ്യാജ വാർത്തയല്ല’; എബ്രഹാം ലിങ്കണിലെ എട്ട് യുഎസ് നാവികർ ജീവനൊടുക്കാൻ ശ്രമിച്ചതായി നാവികസേനയുടെ സ്ഥിരീകരണം

 ‘വ്യാജ വാർത്തയല്ല’; എബ്രഹാം ലിങ്കണിലെ എട്ട് യുഎസ് നാവികർ ജീവനൊടുക്കാൻ ശ്രമിച്ചതായി നാവികസേനയുടെ സ്ഥിരീകരണം

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ ദീർഘകാല സൈനിക ദൗത്യത്തിനിടെ യുഎസ്എസ് എബ്രഹാം ലിങ്കൺ യുദ്ധക്കപ്പലിലെ എട്ട് നാവികർ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി അമേരിക്കൻ നാവികസേന സ്ഥിരീകരിച്ചു. കപ്പലിലെ സ്ട്രൈക്ക് ഗ്രൂപ്പിൽ ഉൾപ്പെട്ടവരാണ് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്. കപ്പലിലെ നാവികരുടെ മാനസികാരോഗ്യവും അടിസ്ഥാന ജീവിത സൗകര്യങ്ങളും വലിയ പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നാവികസേന ഇക്കാര്യം ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്.

ന്യൂയോർക്ക് സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി ആക്‌ടിങ് നേവി സെക്രട്ടറി ഹങ് കാവോ അയച്ച കത്തിലാണ് ഈ സുപ്രധാന വെളിപ്പെടുത്തൽ. ഇറാനിലെ അമേരിക്കൻ ഇടപെടലുകളുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ നീണ്ടുപോയ ദൗത്യം നാവികരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും, കപ്പലിലെ ജീവിത സാഹചര്യം വളരെ മോശമാണെന്നും സൈനികരുടെ കുടുംബാംഗങ്ങൾ നേരത്തെ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ നവംബർ മുതൽ വിന്യസിക്കപ്പെട്ടിരുന്ന കപ്പൽ നിലവിൽ അമേരിക്കയിലേക്ക് മടങ്ങുകയാണ്.

കപ്പലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ലിങ്കൺ കപ്പലിലെ ജീവനക്കാർക്ക് പുറമെ എയർവിങ്, ഡിസ്ട്രോയർ സ്ക്വാഡ്രൻ സ്റ്റാഫ് എന്നീ വിഭാഗങ്ങളിൽ പെട്ടവരുമാണെന്ന് ഹങ് കാവോ വ്യക്തമാക്കി. അതേസമയം, പ്രതിസന്ധി നേരിടുന്ന ജീവനക്കാർക്കായി അഞ്ച് മതകാര്യ ഉദ്യോഗസ്ഥരെയും നിരവധി മാനസികാരോഗ്യ വിദഗ്‌ധരെയും കപ്പലിൽ നിയോഗിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെടുന്നു.

മുമ്പ് കപ്പലിൽ മാനസികാരോഗ്യ പ്രതിസന്ധികളില്ലെന്നായിരുന്നു നാവികസേനയുടെ നിലപാട്. എന്നാൽ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ അവർ അംഗീകരിച്ചിരുന്നു. അയ്യായിരത്തോളം നാവികരുള്ള കപ്പലിലെ കുടിവെള്ള പ്രശ്നങ്ങളെക്കുറിച്ചും തകർന്ന പ്ലംബിങ് സംവിധാനങ്ങളെക്കുറിച്ചുമുള്ള പരാതികൾ കാവോ തള്ളിയെങ്കിലും, താൽക്കാലികമായി ചില പൈപ്പ് തകരാറുകളും ശുദ്ധജല യൂണിറ്റിലെ പ്രശ്നങ്ങളും ഉണ്ടായിരുന്നതായി കത്തിൽ സമ്മതിക്കുന്നുണ്ട്.

അതേസമയം, സൈനികരുടെ ദുരിതങ്ങളെ ‘വ്യാജ വാർത്തകൾ’ എന്ന് വിളിച്ച സൈനിക നേതൃത്വത്തിന്റെയും സർക്കാരിന്റെയും നടപടിയെ സെനറ്റർ ഗില്ലിബ്രാൻഡ് രൂക്ഷമായി വിമർശിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ പണയം വെക്കുന്ന സൈനികരോട് അമേരിക്കൻ പ്രസിഡന്റ് കാണിച്ചത് വലിയ അനാദരവാണെന്നും അവർ തുറന്നടിച്ചു. ഫെബ്രുവരിയിലെ ഇറാൻ ആക്രമണങ്ങൾക്ക് മുന്നോടിയായി കാലിഫോർണിയയിൽ നിന്ന് പുറപ്പെട്ട ദൗത്യം മേയ് മാസത്തിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ പലതവണ നീട്ടിയതോടെ 250 ദിവസത്തോളം നീണ്ട സമുദ്രവാസത്തിനൊടുവിലാണ് നാവികർക്ക് വിശ്രമം ലഭിച്ചത്.

യു.എസ് നാവികസേനയിലും മറൈൻ വിഭാഗത്തിലും ആത്മഹത്യാ നിരക്ക് വർധിക്കുന്നത് വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഉറക്കമില്ലായ്മയും അമിതമായ ജോലിഭാരവും കാരണം നാവികസേനയിലെ ഉദ്യോഗസ്ഥർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി ജനുവരിയിൽ പുറത്തുവന്ന ഒരു പഠനവും വ്യക്തമാക്കിയിരുന്നു.

Also read: