റെയ്ഡിനിടെ മദ്യവേട്ട: ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യം പിടികൂടി
വയനാട്: ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനിടെ, അഗസ്റ്റിൻ സഹോദരന്മാരുടെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി. സാമ്പത്തിക രേഖകൾ പരിശോധിക്കാനായി എത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) പരിശോധനയ്ക്കിടയിലാണ് വീടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സംഘം 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനും കസ്റ്റഡിയിലെടുത്തു.
കേരളത്തിൽ വ്യക്തികൾക്ക് നിയമപരമായി കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ അളവ് 3 ലിറ്ററാണ്. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം എക്സൈസ് സംഘം വിശദമായി പരിശോധിച്ചുവരികയാണ്. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണോ എന്ന് കണ്ടെത്തിയ ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുക.
ലയണൽ മെസ്സി കേരളത്തിലെത്തുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് കൊച്ചിയിലെ റിപ്പോർട്ടർ ചാനൽ ഓഫീസ്, വയനാട്ടിലെ ആന്റോ അഗസ്റ്റിന്റെ വീട് ഉൾപ്പെടെ അഗസ്റ്റിൻ സഹോദരങ്ങളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ എസ്.ഐ.ടി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടയിലാണ് ആന്റോ സഹോദരന്മാരുടെ വീട്ടിൽ നിന്ന് കണക്കിൽ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയത്.