മുഖ്യമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; ആന്റോ അഗസ്റ്റിനെ കളമശ്ശേരി പൊലീസ് ചോദ്യം ചെയ്യും
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ പൊതുവേദിയിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ ആന്റോ അഗസ്റ്റിനെ കളമശ്ശേരി പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആന്റോ അഗസ്റ്റിൻ നടത്തിയ ഒരു പ്രസംഗത്തിൽ മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായതായി ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച് അനുകൂല വിധി പുറപ്പെടുവിച്ചത്. നേരത്തെ ഈ കേസിൽ കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു.
ഇതിന് പുറമെ, വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ ആന്റോ അഗസ്റ്റിൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് സുപ്രീം കോടതിയിൽ നിന്നും നേരിയ ആശ്വാസം ലഭിച്ചു. മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസും, ഇതുമായി ബന്ധപ്പെട്ട് തന്നെ ചോറ്റാനിക്കര സ്വദേശിയായ വ്യാപാരി നൽകിയ വഞ്ചനാക്കേസും സുൽത്താൻ ബത്തേരി കോടതിയിൽ ഒരുമിച്ച് പരിഗണിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. രണ്ട് കേസുകളും ഒരേ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും, വ്യത്യസ്ത കോടതികളിൽ പരിഗണിക്കുന്നത് വിചാരണയെ ബാധിക്കുമെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നിലവിൽ വനംവകുപ്പിന്റെ കേസ് ബത്തേരി കോടതിയിലും വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിലുമാണ് നടന്നിരുന്നത്. ചോറ്റാനിക്കരയിലെ കേസ് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഈ ആവശ്യം തള്ളിയിരുന്നു. തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ച് വഞ്ചനാക്കേസ് ബത്തേരി കോടതിയിലേക്ക് മാറ്റാൻ ഉത്തരവ് നേടിയെടുത്തത്.