വീട് ഡൽഹി സ്വദേശിയുടേതെന്ന് വാദം; നികുതി അടച്ചത് ആന്റോ: ക്രിമിനൽ പശ്ചാത്തലവും ചൂണ്ടിക്കാട്ടി കോടതി ജാമ്യം തള്ളി
സുൽത്താൻ ബത്തേരി: അളവിൽ കൂടുതൽ വിദേശമദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി മജിസ്ട്രേറ്റ് കോടതി തള്ളി. വീടും മദ്യവും തമ്മിൽ തനിക്ക് ബന്ധമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി നടപടി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചു.
മദ്യം പിടിച്ചെടുത്ത കെട്ടിടം 2020 മുതൽ ഡൽഹി സ്വദേശിയുടെ പേരിലാണെന്നായിരുന്നു ആന്റോയുടെ അഭിഭാഷകരുടെ വാദം. എന്നാൽ, 2025-ൽ ഈ കെട്ടിടത്തിന് ആന്റോ അഗസ്റ്റിൻ തന്നെ നികുതി അടച്ചതിന്റെ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രഥമദൃഷ്ട്യാ കെട്ടിടവും മദ്യവുമായി ആന്റോയ്ക്ക് ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടതായി കോടതി നിരീക്ഷിച്ചു.
അറസ്റ്റ് നടപടികളിൽ വീഴ്ചയില്ലെന്ന് വ്യക്തമാക്കിയ മജിസ്ട്രേറ്റ് അഥീന ബൈജു, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും കണക്കിലെടുത്തു. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയായിരുന്നു.
പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. ഇതിനായി ആന്റോയെ നാളെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറന്റും പുറപ്പെടുവിച്ചു. അതേസമയം, ജാമ്യത്തിനായി ഉടൻ ജില്ലാ കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.