29/09/2026
[fontresizer_tawhidurrahmandear_widget]

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: ചേലക്കരയിലെ ഇടതുകോട്ട പിടിച്ച് യുഡിഎഫ്; കുറ്റിച്ചിറ നിലനിർത്തി

 തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: ചേലക്കരയിലെ ഇടതുകോട്ട പിടിച്ച് യുഡിഎഫ്; കുറ്റിച്ചിറ നിലനിർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം. ഇടതുകോട്ടയായിരുന്ന തൃശൂർ ചേലക്കര ഗ്രാമപഞ്ചായത്തിലെ കുറുമല വാർഡ് പിടിച്ചെടുത്ത് യുഡിഎഫ് അട്ടിമറി വിജയം കുറിച്ചു. കോഴിക്കോട് കോർപറേഷനിലെ സിറ്റിങ് സീറ്റായ കുറ്റിച്ചിറ വാർഡ് യുഡിഎഫ് സ്ഥാനാർഥി ഫർസീന അറയ്ക്കൽ 436 വോട്ടുകളുടെ ഭൂരിപക്ഷത്തിന് നിലനിർത്തി. അതേസമയം, കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷൻ യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ മഞ്ജു സുജിത്ത് 2140 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ 3019 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ അമി തിലക് നിലനിർത്തി.

തീപാറുന്ന പോരാട്ടം നടന്ന പാലക്കാട് ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ 24-ാം വാർഡിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ 423 വോട്ടുകൾ വീതം നേടി സമനിലയിലായതിനെ തുടർന്ന് ടോസിലൂടെയാണ് വിജയിയെ നിർണയിച്ചത്. നറുക്കെടുപ്പിലൂടെ എൽഡിഎഫിലെ വി. തുളസീധരൻ വിജയിയായി. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ രാഗം കോർണർ വാർഡും ഇടുക്കി മുട്ടം പഞ്ചായത്തിലെ തുടങ്ങനാട് വാർഡും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കൂടാതെ കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് ഡിവിഷൻ, ചാലക്കുടി മുനിസിപ്പാലിറ്റി 24-ാം വാർഡ്, വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷൻ, മാനന്തവാടി ബ്ലോക്ക് പള്ളിക്കൽ ഡിവിഷൻ എന്നിവ യുഡിഎഫ് നിലനിർത്തി. മലപ്പുറം താനാളൂർ മൂലയ്ക്കൽ വാർഡിൽ മുസ്ലിം ലീഗിലെ വി.പി.ഒ ബുഷറ 488 വോട്ടിനും വേങ്ങര മൂന്നാം വാർഡിൽ യുഡിഎഫിലെ ഹസീന ഫസൽ 880 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.

മറുഭാഗത്ത്, ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ ഡിവിഷൻ, തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ്, ചിറയിൻകീഴ് അഞ്ചുതെങ് വാർഡ്, കണ്ണൂർ പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡ് എന്നിവ എൽഡിഎഫ് പിടിച്ചെടുത്തു. മട്ടന്നൂർ നഗരസഭ ഉരുവച്ചാൽ വാർഡ്, മലമ്പുഴ ബ്ലോക്ക് ഹേമാംബിക നഗർ, വെള്ളാങ്കല്ലൂർ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷൻ, മങ്കട കടന്നമണ്ണ വാർഡ്, കാലടി വെറൂർ വാർഡ് എന്നിവ എൽഡിഎഫ് നിലനിർത്തി. എറണാകുളം പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡ് 339 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ട്വന്റി20 നിലനിർത്തി.

കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെയും വിവിധ നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും ഒഴിവുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആകെ 126 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 58.81 ശതമാനം പോളിങ് രേഖപ്പെടുത്തിയ ഉപതെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ് നടന്നത്. കുറഞ്ഞ പോളിങ് കോട്ടയം ജില്ലയിലായിരുന്നു.

Also read: