സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14 മുതൽ സെക്രട്ടേറിയറ്റ് മാർച്ച്, അനുകൂല തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ ബസ് മേഖലയെ സംരക്ഷിക്കുക, അടിയന്തരമായി സാമ്പത്തിക നഷ്ടപരിഹാരം അനുവദിക്കുക, മിനിമം ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്കുകൾ പരിഷ്കരിക്കുക എന്നിവയാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങൾ.
പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമായി ഒക്ടോബർ 14-ന് ബസ് ഉടമകളും കുടുംബാംഗങ്ങളും ചേർന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. തുടർന്ന് ഒക്ടോബർ അവസാനത്തോടെ നിരാഹാര സമരവും സംഘടിപ്പിക്കും. എന്നിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ, മറ്റ് ബസ് സംഘടനകളുടെ കൂടി പിന്തുണയോടെ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി.