പാക് നാവികസേനയുടെ കപ്പൽ ഇന്ത്യൻ യുദ്ധക്കപ്പലിൽ ഇടിച്ചു; പെരുമാറ്റം പ്രൊഫഷണലല്ലെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ പാകിസ്താൻ്റെ പടക്കപ്പൽ കൂട്ടിയിടിച്ച സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ ചാർജ് ഡി അഫേഴ്‌സിനെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം എതിർപ്പ് രേഖപ്പെടുത്തിയത്.
ഒമാന് 220 കിലോമീറ്റർ കിഴക്ക് അന്താരാഷ്ട്ര ജലാശയത്തിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കടൽ പ്രക്ഷുബ്ധമായിരുന്ന സമയത്ത് പാകിസ്താൻ്റെ ‘ഹുനൈൻ-ക്ലാസ് കൊർവെറ്റ്’ വിഭാഗത്തിൽപ്പെട്ട കപ്പൽ വേഗത കുറയ്ക്കാനോ സുരക്ഷിതമായ അകലം പാലിക്കാനോ തയ്യാറാകാതെ പ്രകോപനപരമായ രീതിയിൽ സഞ്ചരിച്ച് ഇന്ത്യൻ കപ്പലിൽ ഉരസുകയായിരുന്നു. അപകടത്തിൽ ഇന്ത്യൻ യുദ്ധക്കപ്പലിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
പാക് നാവിക വിഭാഗത്തിൻ്റെ ഭാഗത്തുനിന്നുണ്ടായത് പ്രൊഫഷണൽ അല്ലാത്തതും അസ്വീകാര്യവുമായ പെരുമാറ്റമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സൈനികാഭ്യാസങ്ങളും നീക്കങ്ങളും സംബന്ധിച്ച് 1991 ഏപ്രിലിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഒപ്പുവെച്ച കരാറിലെ ആർട്ടിക്കിൾ 10-ൻ്റെ നേരിട്ടുള്ള ലംഘനമാണിത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാക് അധികാരികൾ ശ്രദ്ധിക്കണമെന്ന് ഡൽഹിയിലെ ചാർജ് ഡി അഫയേഴ്‌സിനോട് ആവശ്യപ്പെട്ടു. ഇസ്ലാമാബാദിലെ ഇന്ത്യൻ ചാർജ് ഡി അഫയേഴ്‌സ് വഴി പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തെയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സമുദ്രമേഖലയിൽ പാക് നാവികസേനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. മുൻപ് 2011 ജൂണിൽ പാകിസ്താൻ്റെ ‘പിഎൻഎസ് ബാബർ’ എന്ന കപ്പൽ ഇന്ത്യയുടെ ‘ഐഎൻഎസ് ഗോദാവരി’ക്ക് തൊട്ടടുത്തെത്തുകയും ഗോദാവരിയിലെ ഹെലികോപ്റ്റർ വലയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
പ്രധാന സൈനിക നീക്കങ്ങളും അഭ്യാസങ്ങളും നടത്തുമ്പോൾ മുൻകൂട്ടി അറിയിക്കണമെന്നും, അതിർത്തികൾക്ക് സമീപം പ്രകോപനപരമായ സൈനിക സന്നാഹങ്ങൾ ഒഴിവാക്കണമെന്നും 1991-ലെ ഉഭയകക്ഷി കരാർ വ്യക്തമാക്കുന്നുണ്ട്.