19/10/2026
[fontresizer_tawhidurrahmandear_widget]

‘മാധ്യമങ്ങളെ വിലക്കിയ ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധം’; സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി യു.എസ് കോടതി

 ‘മാധ്യമങ്ങളെ വിലക്കിയ ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധം’; സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി യു.എസ് കോടതി

വാഷിങ്ടൺ: സിഎൻഎൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് തടഞ്ഞ് യു.എസ് ഫെഡറൽ കോടതി. മൂന്ന് മാധ്യമസ്ഥാപനങ്ങളുടെയും പ്രവേശന അനുമതി ഉടനടി പുനഃസ്ഥാപിക്കാൻ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്‌ജ്‌ തിമോത്തി കെല്ലി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 14 ദിവസത്തേക്കുള്ള താൽക്കാലിക സ്റ്റേ ഉത്തരവാണ് കോടതി നൽകിയിരിക്കുന്നത്.

ട്രംപിന്റെ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നും, ആവശ്യമായ മുൻകൂററിയിപ്പോ അവരുടെ വാദം കേൾക്കാനുള്ള അവസരമോ നൽകാതെ തികച്ചും ഏകപക്ഷീയമായാണ് മാധ്യമങ്ങളുടെ പ്രവേശന കാർഡുകൾ റദ്ദാക്കിയതെന്നും കോടതി വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിൻ്റെ ഈ നടപടിക്കെതിരെ മൂന്ന് മാധ്യമ സ്ഥാപനങ്ങളും സംയുക്തമായി ഫയൽ ചെയ്ത ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെയും സ്വാഭാവിക നീതിയുടെയും നഗ്നമായ ലംഘനമാണ് ഈ വിലക്കെന്ന് മാധ്യമങ്ങൾ കോടതിയിൽ ശക്തമായി വാദിച്ചു.

തന്റെ ഭരണകൂടത്തെക്കുറിച്ച് തുടർച്ചയായി ‘വ്യാജ വാർത്തകളും നുണകളും’ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു സെപ്‌തംബർ 18-ന് ട്രംപ് ഈ മാധ്യമങ്ങളെ വൈറ്റ് ഹൗസിൽ നിന്ന് വിലക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. എന്നാൽ, ഈ വിലക്കിന് പിന്നിൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാണെന്ന വൈറ്റ് ഹൗസിന്റെ വാദം ജഡ്‌ജി പൂർണ്ണമായും തള്ളിക്കളഞ്ഞു. വാർത്തകളുടെ സ്വഭാവത്തോടുള്ള എതിർപ്പും വിരോധവുമാണ് വിലക്കിന് കാരണമെന്ന് ട്രംപ് തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

Also read: