ഫോബ്‌സ് പട്ടികയിൽ തുടർച്ചയായി നാലാം തവണയും ഇടംപിടിച്ച് മലയാളി വ്യവസായി വി.പി മുഹമ്മദ് മിയാൻദാദ്
ദോഹ: ഫോബ്‌സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച പ്രമുഖ ആരോഗ്യമേഖലാ സംരംഭകരുടെ പട്ടികയിൽ തുടർച്ചയായി നാലാം തവണയും ഇടംനേടി മലയാളി വ്യവസായി വി.പി മുഹമ്മദ് മിയാൻദാദ്. ഖത്തറിലെ മുൻനിര സ്വകാര്യ ആരോഗ്യ സേവന ദാതാക്കളായ നസീം ഹെൽത്ത്കെയർ, 33 ഹോൾഡിങ്സ് ഗ്ലോബൽ എന്നിവയുടെ ചെയർമാനും മാനേജിങ് ഡയറക്‌ടറുമാണ് അദ്ദേഹം.
ഖത്തറിലെ ആരോഗ്യസേവന മേഖലയിലെ നിർണായക സംഭാവനകളും സ്ഥാപനത്തിന്റെ ആഗോളതലത്തിലുള്ള വളർച്ചയുമാണ് അംഗീകാരത്തിന് അർഹനാക്കിയത്. നസീം ഹെൽത്ത്കെയറിന് കീഴിൽ അത്യാധുനിക മെഡിക്കൽ, സർജിക്കൽ, ഡെന്റൽ, വെൽനസ് സെന്ററുകൾക്ക് പുറമേ ഉമ്മു സലാലിൽ പുതിയ ഹോസ്പിറ്റലും മെഡിക്കൽ സെന്ററും സജ്ജമാക്കി സേവനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.
എബിഎം 4 സയന്റിഫിക്, എബിഎം 4 ട്രേഡിങ്, ഡിഫൈൻ ഡെന്റൽ ലാബ് എന്നിവ വഴി മെഡിക്കൽ സപ്ലൈസ്, എഐ അധിഷ്ഠിത ഹെൽത്ത്കെയർ, മെഡിക്കൽ എജ്യുക്കേഷൻ എന്നീ മേഖലകളിലും 33 ഹോൾഡിങ്സ് സജീവമാണ്. കൂടാതെ, ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മെഡിനോവ ഹെൽത്ത്കെയറിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് മിയാൻദാദ്.
ഫോബ്‌സ് അംഗീകാരം കൂട്ടായ്മയുടെ വിജയമാണെന്നും, ഏവർക്കും പ്രാപ്യമായ ലോകോത്തര ഹെൽത്ത്കെയർ സംവിധാനം ഉറപ്പാക്കുന്ന ഖത്തറിന്റെ കാഴ്ചപ്പാടിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും വി.പി മുഹമ്മദ് മിയാൻദാദ് പ്രതികരിച്ചു.