‘അങ്ങനെ വിടാൻ പറ്റുമോ?’; തള്ളിയിട്ട് പരുക്കേറ്റിട്ടും അസഭ്യം പറഞ്ഞവനെ അരക്കിലോമീറ്റർ ഓടിച്ചിട്ട് പിടിച്ച് 17-കാരി
ഇടുക്കി: അധിക്ഷേപിക്കാൻ ശ്രമിച്ച യുവാവിനെ അരക്കിലോമീറ്ററിലധികം ദൂരം ഓടിച്ചിട്ട് പിടിച്ച് പൊലീസിലേൽപ്പിച്ച 17-കാരിയുടെ ധീരതയ്ക്ക് കൈയടിച്ച് കട്ടപ്പന. വട്ടുകുന്നേൽപടി പുത്തൻപറമ്പിൽ വീണാ സജിയാണ് പരുക്കേറ്റ അവസ്ഥയിലും പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയത്. ആർമിയിൽ ചേരാൻ ആഗ്രഹിക്കുന്ന വീണ, “ഒരു പെൺകുട്ടിയോട് അസഭ്യം പറഞ്ഞിട്ട് കടന്നുകളയാനുള്ള ധൈര്യം അയാൾക്കിനി ഉണ്ടാകരുത്” എന്ന ഉറച്ച തീരുമാനത്തിലാണ് ഇയാളെ വിടാതെ പിന്തുടർന്നത്.
കഴിഞ്ഞ 21-ന് വൈകിട്ട് ഏഴരയോടെ കട്ടപ്പന നഗരത്തിലെ മാർക്കറ്റിൽ വെച്ചായിരുന്നു സംഭവം. മാതാപിതാക്കളായ സജിക്കും ബിന്ദുവിനുമൊപ്പം സാധനങ്ങൾ വാങ്ങാനെത്തിയ വീണയോട് വഴിയിൽ നിന്ന യുവാവ് മോശമായി സംസാരിക്കുകയായിരുന്നു. മാതാപിതാക്കളുടെ നിർദേശപ്രകാരം ആദ്യം പ്രതികരിച്ചില്ലെങ്കിലും ഇയാൾ പിന്തുടർന്ന് വീണ്ടും അസഭ്യം പറഞ്ഞു. ചോദ്യം ചെയ്തതോടെ ഇയാൾ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.
തുടർന്ന് വീണ ഓട്ടോറിക്ഷ തടയുകയും പ്രതിയെ പുറത്തിറങ്ങാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ വീണയുടെ അമ്മയോട് അസഭ്യം പറഞ്ഞ ശേഷം ഓടി രക്ഷപ്പെടാൻ നോക്കി. ഇതോടെയാണ് വീണ ഇയാളെ വിടാതെ പിന്തുടർന്ന് ഓടിയത്. മാർക്കറ്റിൽ നിന്ന് ഇടശേരി ജംക്ഷൻ വഴി പുതിയ ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി ഓടിയ പ്രതിയെ പ്രവേശനകവാടത്തിന് സമീപം വെച്ച് വീണ പിടികൂടിയെങ്കിലും, ഇയാൾ വീണയെ ബലമായി തള്ളിവീഴ്ത്തി വീണ്ടും ഓടി.
വീഴ്ചയിൽ കാൽമുട്ടിന് പരുക്കേറ്റെങ്കിലും പിന്മാറാൻ തയ്യാറാകാതിരുന്ന വീണ വീണ്ടും എഴുന്നേറ്റ് ഓടി ബസ് സ്റ്റാൻഡിനുള്ളിൽ വെച്ച് ഇയാളെ വീണ്ടും തടഞ്ഞുനിർത്തി. ഇതുകണ്ട വ്യാപാരികളും പൊതുജനങ്ങളും ഓടിയെത്തി പ്രതിയെ തടഞ്ഞുവെക്കുകയും വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
സ്വകാര്യ കോളജിലെ പ്ലസ്ടു വിദ്യാർഥിയായ വീണ നിലവിൽ ആർമി സെലക്ഷനായുള്ള അക്കാദമി പരിശീലനത്തിലാണ്. പൊൻകുന്നത്തുനിന്നും ഒരു വർഷം മുൻപാണ് ഈ കുടുംബം ചപ്പാത്തിലേക്ക് താമസം മാറിയത്.