തോക്കുപേക്ഷിച്ച് അക്ഷരമുറ്റത്തേക്ക്: മുൻ മാവോവാദികളായ മൂന്നു പേർക്ക് 10-ാം ക്ലാസിൽ ഉന്നത വിജയം
റായ്പൂർ: കീഴടങ്ങലിനുശേഷം ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന മുൻ മാവോവാദികൾക്ക് വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം. ഛത്തീസ്ഗഢ് സ്റ്റേറ്റ് ഓപ്പൺ സ്കൂൾ നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ ബസ്തർ മേഖലയിൽ കീഴടങ്ങിയ ഗീത നരോട്ടെ, അർജുൻ ഒയാം, സന്തോഷ് അഞ്ചല എന്നിവർ ഫസ്റ്റ് ഡിവിഷനോടെ വിജയിച്ചു.
2025-ൽ ബസ്തർ ഡിവിഷനിൽ കീഴടങ്ങിയ 210 മാവോയിസ്റ്റ് പ്രവർത്തകരിൽ ഏഴു പേർ കഴിഞ്ഞ ആഗസ്റ്റിൽ നടന്ന പരീക്ഷ വിജയിച്ചപ്പോൾ, അതിൽ മൂന്നു പേരാണ് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കിയത്. സെപ്റ്റംബറിലാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
കുടുംബ സാഹചര്യങ്ങളാലും മേഖലയിലെ സംഘർഷങ്ങളാലും ചെറുപ്പത്തിൽ പഠനം മുടങ്ങിയവരാണ് ഇവർ. പിതാവിന്റെ മരണത്തെ തുടർന്ന് പഠനം ഉപേക്ഷിച്ച് മാവോയിസ്റ്റ് പ്രസ്ഥാനത്തിലെത്തുകയും സംഘടനയിൽ ‘ഡോ. ചമ്പ’ എന്ന പേരിൽ മെഡിക്കൽ ടീമിൽ പ്രവർത്തിക്കുകയും ചെയ്ത 35-കാരിയായ ഗീത നരോട്ടെയ്ക്ക് ഇനി നഴ്സിങ് പഠിക്കാനാണ് താല്പര്യം. സർക്കാറിന്റെ പുനരധിവാസ പദ്ധതിയിലൂടെ ലഭിച്ച സഹായധനം ഉപയോഗിച്ചാണ് ഇവർ പഠനോപകരണങ്ങൾ വാങ്ങിയത്.
ഗ്രാമത്തിലേക്ക് മടങ്ങിയെത്തി അധ്യാപകനായി കുട്ടികളെ മികച്ച ഭാവിയിലേക്ക് നയിക്കാനാണ് ബിജാപുർ സ്വദേശിയായ 32-കാരൻ അർജുൻ ഒയാമിന്റെ ലക്ഷ്യം. കാങ്കർ സ്വദേശിയായ 31-കാരൻ സന്തോഷ് അഞ്ചല ഉന്നത വിദ്യാഭ്യാസത്തിന് ശേഷം കൃഷിയിലും ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു.
ജഗ്ദൽപുർ, ബിജാപുർ, കാങ്കർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പരീക്ഷയെഴുതിയത്. കീഴടങ്ങൽ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പഠനം തുടരാൻ ആവശ്യമായ സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും, കൂടുതൽ പഠിക്കാൻ താൽപര്യമുള്ളവർക്ക് തുടന്നും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും ബസ്തർ പൊലീസ് വ്യക്തമാക്കി.