23/11/2026
[fontresizer_tawhidurrahmandear_widget]

60 മണിക്കൂർ നീണ്ട വോട്ടെണ്ണൽ: ബിഹാർ MLC തെരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്ത്തി RJD-ക്ക് നാടകീയ വിജയം

 60 മണിക്കൂർ നീണ്ട വോട്ടെണ്ണൽ: ബിഹാർ MLC തെരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്ത്തി RJD-ക്ക് നാടകീയ വിജയം

പട്‌ന: ബിഹാർ നിയമനിർമ്മാണ കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പിൽ ദർഭംഗ ഗ്രാഡ്വേറ്റ്സ് മണ്ഡലം ബിജെപിയിൽ നിന്ന് ആർജെഡി പിടിച്ചെടുത്തു. 60 മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവിൽ ബിജെപിയുടെ സിറ്റിങ് എംഎൽസി സർവേഷ് കുമാറിനെ പരാജയപ്പെടുത്തി ആർജെഡി സ്ഥാനാർത്ഥി അനിൽ കുമാർ ഝാ വിജയിക്കുകയായിരുന്നു. 40 സ്ഥാനാർത്ഥികൾ മാറ്റുരച്ച തെരഞ്ഞെടുപ്പിൽ അവസാന നിമിഷത്തിലെ രണ്ടാം മുൻഗണനാ വോട്ടുകളാണ് ആർജെഡിക്ക് തുണയായത്.

38-ാം റൗണ്ട് വരെ 1,004 വോട്ടുകളുടെ ലീഡുമായി ബിജെപിയുടെ സർവേഷ് കുമാർ (20,033 വോട്ട്) മുന്നിലായിരുന്നു. എന്നാൽ 39-ാം റൗണ്ടിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ജനസുരാജ് പാർട്ടി സ്ഥാനാർത്ഥി മുഹമ്മദ് ഇംതിയാസ് നൂറാനി പുറത്തായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. നൂറാനിയുടെ വോട്ടർമാരിൽ നിന്ന് 2,900 രണ്ടാം മുൻഗണനാ വോട്ടുകൾ അനിൽ കുമാർ ഝായ്ക്ക് ലഭിച്ചപ്പോൾ സർവേഷ് കുമാറിന് 1,363 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇതോടെ ആർജെഡി സ്ഥാനാർത്ഥി വ്യക്തമായ മുൻതൂക്കം നേടി വിജയം ഉറപ്പിച്ചു.

ഒക്ടോബർ 23-ന് വോട്ടെടുപ്പ് നടന്ന ആകെ എട്ട് എംഎൽസി സീറ്റുകളിൽ ആർജെഡിയും ബിജെപിയും രണ്ട് വീതം സീറ്റുകളിൽ വിജയിച്ചു. ജനതാദൾ യു, ജൻ സുരാജ് പാർട്ടി എന്നിവർ ഓരോ സീറ്റിലും രണ്ട് സീറ്റുകളിൽ സ്വതന്ത്രരും വിജയം കൈവരിച്ചു. 2019, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എൻഡിഎക്ക് വൻ ആധിപത്യമുണ്ടായിരുന്ന ദർഭംഗയിലെ തോൽവി ബിജെപിക്ക് വൻ തിരിച്ചടിയായി.

Also read: