23/10/2026
[fontresizer_tawhidurrahmandear_widget]

ഭക്ഷണത്തിനും മരുന്നിനുമായി വീടിന്റെ ജനലും വാതിലും വയറിങ്ങും ഇളക്കിവിറ്റു; തളിപ്പറമ്പിൽ രോഗികളായ അമ്മയും മക്കളും കടുത്ത ദുരിതത്തിൽ

 ഭക്ഷണത്തിനും മരുന്നിനുമായി വീടിന്റെ ജനലും വാതിലും വയറിങ്ങും ഇളക്കിവിറ്റു; തളിപ്പറമ്പിൽ രോഗികളായ അമ്മയും മക്കളും കടുത്ത ദുരിതത്തിൽ

തളിപ്പറമ്പ്: ഭക്ഷണവും മരുന്നും വാങ്ങാൻ വീടിന്റെ ജനലുകളും വാതിലുകളും വയറിങ് സാമഗ്രികളും വരെ ഇളക്കിവിറ്റ് ഒരു കുടുംബം കടുത്ത ദുരിതത്തിൽ. തളിപ്പറമ്പ് നഗരസഭയിലെ കൂവോട് ഗോപാലൻപീടികയ്ക്ക് സമീപം പഞ്ചളായിയിൽ താമസിക്കുന്ന ഉഷയും (55) മക്കളുമാണ് ദാരുണാവസ്ഥയിൽ കഴിയുന്നത്. കാൻസർ ബാധിതയായ ഉഷയ്ക്കൊപ്പം മാനസിക അസ്വാസ്ഥ്യമുള്ള മൂത്ത മകനും (33) ഓട്ടിസം ബാധിച്ച ഇളയ മകനുമാണ് (23) ഇവിടെയുള്ളത്.

പിഎംഎവൈ സ്കീമിൽ ലഭിച്ച വീടിന്റെ വാതിലുകളും ജനലുകളും സ്വിച്ച് ബോർഡുകൾ ഉൾപ്പെടെയുള്ള വയറിങ് സാമഗ്രികളും വിറ്റാണ് ഇവർ നിലവിൽ കഴിഞ്ഞുകൂടുന്നത്. കാൻസർ സ്ഥിരീകരിച്ചതോടെ ഉഷയുടെ ചികിത്സയും മരുന്നും നിലച്ച മട്ടാണ്. മുൻപ് ജോലിക്ക് പോയിരുന്ന മൂത്ത മകൻ, അമ്മയ്ക്ക് രോഗം ബാധിച്ചതോടെ മനസ്സിന്റെ താളം തെറ്റി ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇളയ മകന് ലഭിക്കുന്ന ഭിന്നശേഷി പെൻഷനും നാട്ടുകാർ നൽകുന്ന ഭക്ഷണവുമാണ് ഇവരുടെ ഏക ആശ്രയം.

തുറന്നുകിടക്കുന്ന ശുചിമുറിയും കുഴികൾ നിറഞ്ഞ മുറികളുമുള്ള വീട്ടിൽ വെറും നിലത്താണ് മക്കൾ കിടക്കുന്നത്. പാത്രങ്ങളോ വെളിച്ചമോ ഇല്ലാത്ത വീട്ടിൽ നായ്ക്കൾക്കൊപ്പമാണ് ഇവരുടെ വാസം. മുഷിഞ്ഞ വസ്ത്രങ്ങളുമായി ഇവർ നടക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലീസും കെഎപി മൈത്രി പാലിയേറ്റീവ് യൂണിറ്റും നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

അതേസമയം, ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും സ്വീകരിക്കാറില്ലെന്ന് വാർഡ് കൗൺസിലർ ധന്യയും മുൻ കൗൺസിലർ ഡി. വനജയും അറിയിച്ചു. വിവരം അറിഞ്ഞ് നഗരസഭാ അധ്യക്ഷൻ പി.കെ സുബൈറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും കുടുംബത്തെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

Also read: