20/10/2026
[fontresizer_tawhidurrahmandear_widget]

‘അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ കൊലപാതകം നടക്കും, നോക്കിക്കോ’: കന്റോൺമെന്റ് എസ്ഐക്ക് നേരെ വധഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് എംഎൽഎ

 ‘അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ കൊലപാതകം നടക്കും, നോക്കിക്കോ’: കന്റോൺമെന്റ് എസ്ഐക്ക് നേരെ വധഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് എംഎൽഎ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് നേരെ നടന്ന ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ പരസ്യ വധഭീഷണി മുഴക്കി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഗോകുലിനെതിരെയാണ് വി. ജോയ് പരസ്യമായി കൊലവിളി നടത്തിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ വി. ജയചന്ദ്രന്റെ മുഖത്തുനോക്കിയാണ് എംഎൽഎ ഭീഷണി മുഴക്കിയത്. “അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ” എന്നായിരുന്നു വി. ജോയിയുടെ വാക്കുകൾ. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പരാമർശം വലിയ വിവാദമായിട്ടുണ്ട്.

എന്നാൽ ഭീഷണിപ്പെടുത്തുകയല്ല ചെയ്തതെന്നും, കുട്ടികളെ ക്രൂരമായി തല്ലിച്ചതച്ചാൽ കൊലപാതകം നടക്കുമെന്ന മുന്നറിയിപ്പാണ് നൽകിയതെന്നുമാണ് വി. ജോയിയുടെ വിശദീകരണം. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എസ്എഫ്ഐ പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ചത് കന്റോൺമെന്റ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറും എസ്ഐ ഗോകുലുമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

തുടർന്ന്, ഇരു ഉദ്യോഗസ്ഥരെയും തെരുവിൽ നേരിടുമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുകയും സൈബർ ആക്രമണം ശക്തമാക്കുകയും ചെയ്തു. ക്രമസമാധാന ഭീഷണി ഉയർന്നതിനെ തുടർന്ന് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ കാട്ടാക്കടയിലുള്ള വീടിന് പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Also read: