ഇന്ത്യക്കാർക്കും വിദേശികൾക്കും വ്യത്യസ്ത നിറങ്ങളിൽ ഡ്രൈവിങ് ലൈസൻസ്; പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്രം
ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസുകൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി നിർണായക പരിഷ്കാരങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും വെവ്വേറെ ഫോർമാറ്റിലും നിറങ്ങളിലുമുള്ള ലൈസൻസുകൾ നൽകാനാണ് കേന്ദ്ര മോട്ടോർ വെഹിക്കിൾ ചട്ട ഭേദഗതിയുടെ കരട് വിജ്ഞാപനത്തിലെ പ്രധാന നിർദേശം.
പുതിയ ഉത്തരവ് പ്രകാരം ഫോം 7 അടിസ്ഥാനമാക്കിയുള്ള ലാമിനേറ്റഡ് അല്ലെങ്കിൽ പിവിസി കാർഡുകളായാവും ഇനി ലൈസൻസുകൾ അനുവദിക്കുക. കാർഡിൽ ഉടമയുടെ രക്തഗ്രൂപ്പ്, മൊബൈൽ നമ്പർ, അടിയന്തര കോൺടാക്റ്റ് നമ്പർ എന്നിവ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കും.
പ്രധാന മാറ്റങ്ങൾ ചുരുക്കത്തിൽ:
- രേഖകളിൽ ഇളവ്: പ്രായവും വിലാസവും തെളിയിക്കാൻ നോട്ടറിയുടെയോ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ മുന്നിലെ സത്യവാങ്മൂലം വേണമെന്ന വ്യവസ്ഥ ഒഴിവാക്കും. ഇതിനായി ആധാർ, പാസ്പോർട്ട്, വോട്ടർ ഐ.ഡി, ജനന സർട്ടിഫിക്കറ്റ്, ഇ-റേഷൻ കാർഡ്, ലൈഫ് ഇൻഷുറൻസ് പോളിസികൾ എന്നിവ തെളിവായി സ്വീകരിക്കും.
- പരീക്ഷാ നിലവാരം ഉയർത്തി: സേഫ് ഡ്രൈവിങ് ട്യൂട്ടോറിയൽ അസസ്സ്മെന്റിന്റെ യോഗ്യതാ മാർക്ക് 60-ൽ നിന്ന് 75 ശതമാനമായി ഉയർത്തി. കുറഞ്ഞത് 30 മിനിറ്റെങ്കിലും ദൈർഘ്യമുള്ളതായിരിക്കും ട്യൂട്ടോറിയൽ.
- സൗജന്യ തിരുത്തലുകൾ: ലൈസൻസിലെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ തിരുത്തുന്നതിനുള്ള അപേക്ഷാ ഫീസ് ഒഴിവാക്കി. ഇത്തരം അപേക്ഷകളിൽ 15 ദിവസത്തിനകം തീരുമാനമെടുക്കണം.
- ഇളവുകൾ: ആധാർ അധിഷ്ഠിത ഓൺലൈൻ ലൈസൻസിങ് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഫീസ് ഇളവുകൾ നൽകാനും ശുപാർശയുണ്ട്.
ഡ്രൈവിങ് പരിശോധനകൾ കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ. കരട് നിർദേശങ്ങളിൽ പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം അഭിപ്രായങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാവുന്നതാണ്.