കൊച്ചി സിനഗോഗിന് തീയിട്ടത് ആര്‍ക്കു വേണ്ടി? പിന്നില്‍ ഭീകരബന്ധം? എബിന് പോളിനെ ചോദ്യംചെയ്ത് എന്‍ഐഎ
കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് മുൻവശത്തുള്ള ബ്ലോസം നഴ്സറിയിൽ പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ രാജ്യാന്തര ഭീകരബന്ധവും വിദേശ സാമ്പത്തിക ഇടപാടുകളും സംശയിച്ച് പോലീസ്. സംഭവത്തിന് പിന്നാലെ പുത്തൻകുരിശ് സ്വദേശിയായ എബിൻ ബി. പോളിനെ (32) പ്രത്യേക അന്വേഷണസംഘം വാടകവീട്ടിൽനിന്ന് പിടികൂടി. ഇയാളുടെ ഫോൺ പരിശോധിച്ചതിൽനിന്ന് ക്രിപ്റ്റോകറൻസി വഴി 2 ലക്ഷം രൂപ എത്തിയതായി കണ്ടെത്തുകയും ചെയ്തു. കേന്ദ്ര ഏജൻസികളും ദേശീയ അന്വേഷണ ഏജൻസിയും ഇയാളെ ചോദ്യം ചെയ്തു.
ഒക്ടോബർ 12-ന് പുലർച്ചെ 2.30-ഓടെ നീല ഇഗ്നിസ് കാറിലെത്തിയ പ്രതി, പെട്രോളൊഴിച്ച് തീ കൊളുത്തുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി മടങ്ങുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളും സൈബർ അന്വേഷണവും വഴി കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസ് ഇയാളിലേക്ക് എത്തിയത്. ഇയാളുടെ വാടകവീട്ടിൽനിന്ന് വൻതോതിൽ രാസലഹരിയും പോലീസ് പിടിച്ചെടുത്തു.
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് ‘ബോസ്’ എന്ന് വിശേഷിപ്പിക്കുന്ന അജ്ഞാത ടെലഗ്രാം അക്കൗണ്ടിൽനിന്നുള്ള നിർദേശങ്ങൾ ലഭിച്ചതായി വ്യക്തമായി. ക്രിപ്റ്റോകറൻസി വഴി പ്രതിഫലം കൈപ്പറ്റി നിർദേശിക്കുന്ന ലക്ഷ്യങ്ങളിൽ ആക്രമണം നടത്തി ദൃശ്യങ്ങൾ അയക്കുകയായിരുന്നു പ്രവർത്തനരീതി. രാജ്യത്തെ വിവിധ നഗരങ്ങളിലെ ആക്രമണ പദ്ധതികളെക്കുറിച്ചും യഹൂദ ആരാധനാലയങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ സന്ദേശങ്ങളിലുണ്ട്. മൂവാറ്റുപുഴയിൽ മുൻപ് നടന്ന തീവെപ്പിലും ഇയാൾക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
കൊച്ചി സിറ്റി ഡിസിപി അരുൺ കെ. പവിത്രൻ, സെൻട്രൽ എസിപി സിബി ടോം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറ്റകൃത്യത്തിന് സെൻട്രൽ പോലീസും ലഹരിമരുന്ന് കേസിൽ പുത്തൻകുരിശ് പോലീസും കേസെടുത്തിട്ടുണ്ട്.