19/10/2026
[fontresizer_tawhidurrahmandear_widget]

‘നിതീഷ് കുമാറിനൊപ്പം നിന്ന് ഞാൻ 9 പേരെ കൊന്നു’; ബിഹാറിൽ വിവാദ വെളിപ്പെടുത്തലുമായി ജെഡിയു എംഎൽഎ, ഒടുവിൽ തിരുത്ത്

 ‘നിതീഷ് കുമാറിനൊപ്പം നിന്ന് ഞാൻ 9 പേരെ കൊന്നു’; ബിഹാറിൽ വിവാദ വെളിപ്പെടുത്തലുമായി ജെഡിയു എംഎൽഎ, ഒടുവിൽ തിരുത്ത്

പട്ന: ബിഹാർ രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച് ഭരണകക്ഷിയായ ജെഡിയു എംഎൽഎ അനന്ത് സിംഗിന്റെ വിവാദ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം നിന്നുകൊണ്ട് താൻ 9 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ആറ് തവണ മൊകാമയിൽ നിന്ന് എംഎൽഎയായ അനന്ത് സിംഗ് പരസ്യമായി പറഞ്ഞത്. പട്‌ന ഗ്രാജ്വേറ്റ്സ് എം.എൽ.സി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതിനിടെയാണ് ‘ഛോട്ടേ സർക്കാർ’ എന്നറിയപ്പെടുന്ന നേതാവിന്റെ ഈ കുറ്റസമ്മതം.

“എന്നെപ്പോലെ ഇത്രയധികം ത്യാഗങ്ങൾ സഹിച്ച മറ്റാരുണ്ട്? അക്കാലത്ത് നിതീഷ് കുമാർ ഒന്നുമല്ലായിരുന്നു. അദ്ദേഹത്തിനൊപ്പം നിന്നുകൊണ്ട് ഞാൻ 9 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്” എന്നായിരുന്നു അനന്ത് സിംഗ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഈ വീഡിയോ ആയുധമാക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെ മണിക്കൂറുകൾക്കകം എംഎൽഎ പ്രസ്താവന തിരുത്തി. താൻ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും, ലാലു പ്രസാദ് യാദവ് ഭരണകാലത്ത് നിതീഷ് കുമാറിനെ പിന്തുണച്ചതിന്റെ പേരിൽ ലാലുവിന്റെ ആളുകൾ തന്റെ 9 സഹായികളെ കൊലപ്പെടുത്തിയതാണെന്നുമാണ് പുതിയ വിശദീകരണം. തനിക്ക് വെടിയേറ്റിരുന്നെന്നും, ഈ നഷ്ടങ്ങളുടെ ആഘാതത്തിലാണ് പിതാവ് ഹൃദയാഘാതം വന്ന് മരിച്ചതെന്നും അദ്ദേഹം ന്യായീകരിച്ചു.

ഭരണകക്ഷി എംഎൽഎയുടെ കുറ്റസമ്മതത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അടിയന്തരമായി ജനങ്ങളോട് വിശദീകരണം നൽകണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) വക്താവ് ശക്തി സിംഗ് യാദവ് ആവശ്യപ്പെട്ടു. കൊലപാതകങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം നിതീഷ് ഭരണകൂടത്തിനാണെന്നും ആർജെഡി ആരോപിച്ചു. എന്നാൽ അനന്ത് സിംഗിന്റെ പ്രസ്താവന കടുത്ത നിരാശയിൽ നിന്നുണ്ടായതാണെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണ് ജെഡിയു വക്താവ് ശ്യാം രജക്.

ഒക്ടോബര്‍ 23ന് നടക്കാനിരിക്കുന്ന പട്‌ന ഗ്രാജ്വേറ്റ്സ് എം.എൽ.സി തിരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി നീരജ് കുമാറിനെതിരെ, പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടി സ്ഥാനാർത്ഥിയെയാണ് അനന്ത് സിംഗ് പരസ്യമായി പിന്തുണയ്ക്കുന്നത്. ഇതിനിടയിലാണ് സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കുന്ന സ്വന്തം എംഎൽഎയുടെ ഈ പുതിയ വിവാദം.

Also read: