സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിഷയത്തിൽ അനുകൂല തീരുമാനമെടുക്കാത്തതിനാലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം സംബന്ധിച്ച വിവരം ഈ മാസം 16-ന് സർക്കാരിനെ അറിയിച്ചിരുന്നു.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്.
അതേസമയം, സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി തങ്ങളുടെ ഉപജീവനമാർഗത്തെ പ്രതിസന്ധിയിലാക്കിയെന്നാരോപിച്ച് സ്വകാര്യ ബസ് ഉടമകളുടെ മറ്റൊരു വിഭാഗം സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവരാണ് നിരാഹാര സമരത്തിന് നേതൃത്വം നൽകുന്നത്.
പദ്ധതി നടപ്പിലാക്കിയതോടെ വരുമാനവും യാത്രക്കാരുടെ എണ്ണവും കുത്തനെ കുറഞ്ഞതായി ബസുടമകൾ ആരോപിക്കുന്നു. 60,000-ത്തോളം കുടുംബങ്ങളുടെ ഉപജീവനമാർഗം നിലച്ച സാഹചര്യമാണുള്ളതെന്നും ഇവർ വ്യക്തമാക്കി. നിലവിൽ സർവീസ് നിർത്തിവെച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും സമാധാനപരമായി സമരം തുടരുമെന്നും ഫെഡറേഷൻ അറിയിച്ചു. സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.