ഹിന്ദുവിരുദ്ധം എന്നാരോപിച്ച് കുനാൽ കമ്രയുടെ കോമഡി ഷോ തടയാൻ ശ്രമം; 15 വിഎച്ച്പി പ്രവർത്തകർ കസ്റ്റഡിയിൽ
ഹൈദരാബാദ്: പ്രമുഖ സ്റ്റാന്‍ഡ് അപ് കോമഡി താരം കുനാല്‍ കമ്രയുടെ കോമഡി ഷോക്കിടെ പ്രതിഷേധവുമായി എത്തിയ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഹൈദരാബാദ് ടിജിഎസ്ആര്‍ടിസി കലാഭവനില്‍ ഇന്നലെ നടന്ന ‘സ്റ്റാന്‍ഡിങ് അപ്പ്’ ഷോ തടസ്സപ്പെടുത്താൻ ശ്രമിച്ച 15 പ്രവര്‍ത്തകരെയാണ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്.
ഹിന്ദു ദൈവങ്ങളെക്കുറിച്ച് കുനാല്‍ കമ്ര അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് വിഎച്ച്പിയും ബജ്രംഗ് ദളും പ്രതിഷേധവുമായി രംഗത്തെത്തിയത്. പരിപാടിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബജ്രംഗ് ദള്‍ നേരത്തെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വേദിക്ക് സമീപം വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
ഒരു ബസിലെത്തിയ സംഘം വേദിയിലേക്ക് അതിക്രമിച്ചുകയറി മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ സ്ഥിതിഗതികൾ വഷളാകും മുമ്പ് തന്നെ പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് മാറ്റിയതിനാല്‍ വലിയ സംഘര്‍ഷം ഒഴിവാക്കാനായി. തുടര്‍ന്ന് ശക്തമായ സുരക്ഷാ സന്നാഹത്തോടെയാണ് കോമഡി ഷോ പൂര്‍ത്തിയായത്. കുനാല്‍ കമ്രക്കെതിരെ നേരത്തെയും വിവിധയിടങ്ങളില്‍ സമാനമായ പ്രതിഷേധങ്ങളും കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.