19/10/2026
[fontresizer_tawhidurrahmandear_widget]

ചോരപ്പുരണ്ട വാക്കത്തിയുമായി നിന്ന അക്രമിയെ ചവിട്ടിവീഴ്ത്തി അയൽവാസിയായ ശ്രീസുഖ, വാക്കത്തി പിടിച്ചെടുത്ത് സന്തോഷ്; കാത്തത് 3 ജീവനുകൾ

 ചോരപ്പുരണ്ട വാക്കത്തിയുമായി നിന്ന അക്രമിയെ ചവിട്ടിവീഴ്ത്തി അയൽവാസിയായ ശ്രീസുഖ, വാക്കത്തി പിടിച്ചെടുത്ത് സന്തോഷ്; കാത്തത് 3 ജീവനുകൾ

തൃപ്പൂണിത്തുറ: എരൂരിൽ ചോരപ്പുരണ്ട വാക്കത്തിയുമായി ഭാര്യയെയും മാതാപിതാക്കളെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച അക്രമിയെ അയൽവാസികൾ ധീരമായി ഇടപെട്ട് കീഴടക്കി. എരൂർ ഇല്ലിക്കപ്പടിയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നഗരസഭയിലെ താൽക്കാലിക തൊഴിലാളിയായ ദിലീപ് മദ്യപിച്ചെത്തി കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു.

അപകടം മനസ്സിലാക്കി നിമിഷനേരംകൊണ്ട് ഓടിയെത്തിയ ഹൈക്കോടതി ജീവനക്കാരി ശ്രീസുഖയും റെയിൽവേ ജീവനക്കാരനായ സന്തോഷ്കുമാറുമാണ് മൂന്ന് ജീവനുകൾ രക്ഷിച്ചത്. സന്തോഷ്കുമാർ ദിലീപിന്റെ കയ്യിൽനിന്ന് വാക്കത്തി പിടിച്ചെടുത്ത് ശ്രീസുഖയ്ക്ക് കൈമാറി. കൂടുതൽ അക്രമാസക്തനായ പ്രതിയെ ശ്രീസുഖ ചവിട്ടി നിലത്തിടുകയും എഴുന്നേൽക്കാൻ സമ്മതിക്കാതെ അമർത്തിപ്പിടിക്കുകയും ചെയ്യുകയായിരുന്നു.

ഈ സംഭവത്തിനിടയിലാണ് ദിലീപിന്റെ ഭാര്യാമാതാവായ പുഷ്പ ഗുരുതരമായി വെട്ടേറ്റ് ചോരയിൽ കുളിച്ചു നിൽക്കുന്നത് ഇരുവരുടെയും ശ്രദ്ധയിൽപെട്ടത്. പുഷ്പയുടെ ഭർത്താവ് രാമചന്ദ്രന്റെ കയ്യിലും വെട്ടേറ്റിരുന്നു. തുടർന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാമചന്ദ്രനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. സംഭവത്തിൽ പ്രതിയായ ദിലീപിനെ പൊലീസ് പിടികൂടുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. അയൽവാസികളുടെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.

Also read: