18/04/2026
[fontresizer_tawhidurrahmandear_widget]

ടാർ ചെയ്ത് പിറ്റേന്ന് വെട്ടിപ്പൊളിച്ചു; കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അപകടക്കെണിയൊരുക്കി ജല അതോറിറ്റി

 ടാർ ചെയ്ത് പിറ്റേന്ന് വെട്ടിപ്പൊളിച്ചു; കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അപകടക്കെണിയൊരുക്കി ജല അതോറിറ്റി

മൂവാറ്റുപുഴ: അധികൃതരുടെ ഏകോപനമില്ലായ്മയ്ക്ക് തിരിച്ചടിയാകുന്നത് സാധാരണക്കാരായ യാത്രക്കാർ. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വാളകം മേക്കടമ്പ് കരോട്ടെ വാളകത്താണ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്ത റോഡ് പിറ്റേന്നുതന്നെ വെട്ടിപ്പൊളിച്ച് അപകടക്കെണിയൊരുക്കിയത്. വ്യാഴാഴ്ച ടാറിങ് പൂർത്തിയാക്കിയ ഭാഗം പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾക്കായി വെള്ളിയാഴ്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആറുമീറ്ററോളം നീളത്തിലാണ് കുഴിച്ചത്.

ടാറിങ് നടക്കുന്നതിന് ഒരാഴ്ച മുൻപേ ഈ ഭാഗത്ത് പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങിയ വിവരം നാട്ടുകാർ ജല അതോറിറ്റിയെ അറിയിച്ചിരുന്നു. എന്നാൽ ടാറിങ് കഴിഞ്ഞ് റോഡ് നന്നാകുന്നതുവരെ അധികൃതർ കാത്തിരുന്നു എന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ, കുടിവെള്ളം വേണമെങ്കിൽ റോഡ് പൊളിക്കുമെന്ന വാശിയേറിയ നിലപാടാണ് കരാറുകാർ സ്വീകരിച്ചത്. റോഡ് കോൺട്രാക്ടറെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

റോഡിന്റെ വശത്തായി നെടുനീളത്തിൽ രൂപപ്പെട്ട ഈ ഗർത്തം രാത്രികാലങ്ങളിൽ വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. ആവശ്യമായ വെളിച്ചമോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇവിടെയില്ല. പ്ലാസ്റ്റിക് ഡിവൈഡറുകൾ മാത്രമാണ് സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ളത്.

ബിഎംബിസി നിലവാരത്തിലുള്ള റോഡ് വെട്ടിപ്പൊളിച്ചാൽ പഴയ രീതിയിൽ പുനർനിർമിക്കപ്പെടാറില്ല എന്നതാണ് മുൻപത്തെ അനുഭവം. നല്ല റോഡിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ഈ കുഴിയിൽ വീഴാനോ, വെട്ടിച്ചു മാറ്റുന്നതിനിടെ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കാനോ സാധ്യതയേറെയാണ്. വകുപ്പുകളുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്. ഇതിനുമുൻപും സമാനമായ കുഴികളിൽ വീണ് ഈ പാതയിൽ മരണങ്ങൾ സംഭവിച്ചിട്ടുള്ള പശ്ചാത്തലത്തിൽ, അധികൃതരുടെ ഈ നടപടി ഗൗരവകരമായ സുരക്ഷാ വീഴ്ചയായാണ് കാണുന്നത്.

Also read: