04/10/2026
[fontresizer_tawhidurrahmandear_widget]

‘ഗാന്ധിജിയെ കൊന്ന ഗോഡ്സെയെ വാഴ്ത്തുന്ന ഗുണ്ടകൾ ഇവിടെയുണ്ടെന്ന് മറക്കരുത്; എസ്ഐആർ വഴി നമ്മുടെ പൗരത്വത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന അതേ ഗുണ്ടകളാണിവർ’; രൂക്ഷവിമർശനവുമായി പ്രകാശ് രാജ്

 ‘ഗാന്ധിജിയെ കൊന്ന ഗോഡ്സെയെ വാഴ്ത്തുന്ന ഗുണ്ടകൾ ഇവിടെയുണ്ടെന്ന് മറക്കരുത്; എസ്ഐആർ വഴി നമ്മുടെ പൗരത്വത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന അതേ ഗുണ്ടകളാണിവർ’; രൂക്ഷവിമർശനവുമായി പ്രകാശ് രാജ്

ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിയെ അനുസ്മരിക്കുമ്പോൾ, അദ്ദേഹത്തെ വധിച്ച നാഥുറാം ഗോഡ്സെയെ വാഴ്ത്തുന്ന ഗുണ്ടകൾ രാജ്യത്തുണ്ടെന്ന കാര്യം മറക്കരുതെന്ന് നടൻ പ്രകാശ് രാജ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം പ്രഖ്യാപിച്ച ‘കോക്രോച്ച് പാർട്ടി’ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഈ രൂക്ഷവിമർശനം ഉന്നയിച്ചത്. രാജ്യത്ത് നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് വീഡിയോ.

പ്രധാനമന്ത്രി ജെൻ സി തലമുറയെ അഭിസംബോധന ചെയ്യുന്ന രീതിയെ പരിഹസിച്ച് ‘ഹായ് ഫ്രണ്ട്സ്’ എന്ന് പറഞ്ഞുകൊണ്ടാണ് പ്രകാശ് രാജ് വീഡിയോ ആരംഭിക്കുന്നത്. “ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ. ബാപ്പുവിന്റെ ദിനമാണിന്ന്. എന്നാൽ നാം ഈ ദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ മഹാത്മാവിനെ കൊലപ്പെടുത്തിയ ഗോഡ്സെയെ ആരാധിക്കുന്ന ചില ഗുണ്ടകൾ ഇവിടെയുണ്ടെന്ന് മറക്കാൻ പാടില്ല. എസ്ഐആർ വഴി നമ്മുടെ ജനാധിപത്യത്തെയും പൗരത്വത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നതും ഇതേ ഗുണ്ടകൾ തന്നെയാണ്,” പ്രകാശ് രാജ് വ്യക്തമാക്കി.

രാജ്യത്തെ യുവജനങ്ങളും പൗരസമൂഹവും ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം സമാധാനപരമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെന്നും ഡൽഹിയിൽ നേഹ ബോറയാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ ‘പാറ്റകൾ’ തിരിച്ചെത്തിയിരിക്കുന്നുവെന്ന് പറഞ്ഞ പ്രകാശ് രാജ്, അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ അവർക്കൊപ്പം നിൽക്കാനും അഭ്യർത്ഥിച്ചു. “ഈ നാട്ടിൽ ഗണപതി നിമജ്ജനം കഴിഞ്ഞു, ഇനി ഗ്യാനുവിന്റെ നിമജ്ജനമാണ് ബാക്കിയുള്ളത്” എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

Also read: