സ്കൂൾ സമയത്ത് ക്ലാസ് മുറിയിൽ കിടന്നുറങ്ങി പ്രിൻസിപൽ; വിഡിയോ വൈറൽ
കരൗലി: രാജസ്ഥാനിലെ സർക്കാർ സ്കൂളിൽ പ്രവർത്തന സമയത്ത് ക്ലാസ്മുറിയിൽ കിടന്നുറങ്ങുന്ന പ്രിൻസിപലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കരൗലി ജില്ലയിലെ ഭണ്ഡാരി അന്ദ്രണി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപൽ ഡയോഡിറാം മീനയാണ് ക്ലാസ് മുറിയിൽ കൂർക്കം വലിച്ച് ഉറങ്ങുന്നത്.
ദൃശ്യങ്ങൾ എപ്പോൾ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ വിഡിയോ പുറത്തുവന്നതോടെ സ്കൂൾ അധികൃതർക്കും വിദ്യാഭ്യാസ വകുപ്പിനുമെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പോ സ്കൂൾ അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണമോ അന്വേഷണമോ പ്രഖ്യാപിച്ചിട്ടില്ല.
രാജ്യത്തെ സർക്കാർ സ്കൂളുകളുടെ പ്രവർത്തനത്തെക്കുറിച്ച് വലിയ പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം പുറത്തുവരുന്നത്. അടുത്തിടെ രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ മറ്റൊരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങൾ കുട്ടികളെക്കൊണ്ട് ചുമപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ പ്രവർത്തനത്തെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.