കോഴിക്കോട് മാളിൽ നിന്ന് 8000 രൂപയുടെ കോസ്മെറ്റിക് ഉത്പന്നങ്ങൾ മോഷ്ടിച്ചു; 2 ഡിജിറ്റൽ മാർക്കറ്റിങ് വിദ്യാർഥികൾ പിടിയിൽ
കോഴിക്കോട്: നഗരത്തിലെ മാളുകളിൽ കറങ്ങി നടന്ന് വിലയേറിയ സൗന്ദര്യവർധക വസ്തുക്കളും ചോക്ലേറ്റുകളും മോഷ്ടിച്ച വിദ്യാർഥികൾ പിടിയിൽ. പെരിന്തൽമണ്ണ പുളിക്കത്തൊടി സ്വദേശി മുഹമ്മദ് ഷമീർ, തോട്ടേക്കാട് ആലിക്കപറമ്പിൽ സബിത എന്നിവരാണ് പന്തീരങ്കാവ് പൊലീസിന്റെ പിടിയിലായത്. സ്വകാര്യ സ്ഥാപനത്തിലെ ഡിജിറ്റൽ മാർക്കറ്റിങ് വിദ്യാർഥികളാണ് ഇരുവരും.
നഗരത്തിലെ പ്രമുഖ മാളിലെ സൂപ്പർമാർക്കറ്റിൽ വിൽപ്പനയ്ക്കുവെച്ച 8000 രൂപ വിലവരുന്ന സൗന്ദര്യ വർധക വസ്തുക്കളാണ് ഇവർ കവർന്നത്. ഡിസ്പ്ലേയ്ക്ക് വെച്ചിരുന്ന സാധനങ്ങൾ സെയിൽസ് എക്സിക്യൂട്ടീവിന്റെ കണ്ണുവെട്ടിച്ച് കൈക്കലാക്കുകയായിരുന്നു. മാൾ അധികൃതർ നൽകിയ സിസിടിവി ദൃശ്യങ്ങൾ സഹിതമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതികളിലൊളായ സബിത മുൻപും സമാനമായ രീതിയിൽ മാളിൽ മോഷണം നടത്തി പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ മറ്റൊരു മാളിൽ നിന്ന് ആയിരം രൂപയിലേറെ വിലയുള്ള ചോക്ലേറ്റ് മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയിലാണ് ഇവർ മുൻപ് സുരക്ഷാ ജീവനക്കാരുടെ പിടിയിലായത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.