അമേരിക്കയ്ക്ക് വൻ പ്രഹരം; ഇറാൻ ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് സെന്‍റ്‍കോം
വാഷിങ്ടണ്‍/ദുബൈ: അമേരിക്കൻ സൈന്യത്തിനു വൻ പ്രഹരമേൽപ്പിച്ച് ഇറാൻ. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിനു പ്രതികാരമായി ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. യുഎസ് സൈന്യം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറാനിലെ സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലുമായി ചേർന്നു നടത്തുന്ന ‘ഓപറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായാണ് അമേരിക്കൻ സെൻട്രൽ കമാൻഡ്(സെന്റ്‌കോം) ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സ്ഥിരീകരണം.
എവിടെ നടന്ന ഇറാൻ ആക്രമണത്തിലാണു സൈനികരുടെ മരണമെന്ന് സെന്റ്‌കോം വ്യക്തമാക്കിയിട്ടില്ല. സൈനികരുടെ മരണത്തിനു പുറമെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. എല്ലാവർക്കും വിദഗ്ധ ചികിത്സ നൽകി വരികയാണെന്ന് സെന്റ്‌കോം അറിയിച്ചു.
കൊല്ലപ്പെട്ട സൈനികരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരുടെ കുടുംബാംഗങ്ങളെ ഔദ്യോഗികമായി വിവരം അറിയിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകൂ എന്ന് സൈന്യം വ്യക്തമാക്കി.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വൻ മിസൈലാക്രമണം നടത്തിയിരുന്നു. ബഹ്റൈനിലെ യുഎസ് നാവികതാവളത്തിലും ഇറാഖിലെ എർബിൽ എയർബേസിലും മിസൈലുകൾ പതിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് തിരിച്ചടിയായാണ് അമേരിക്ക ‘ഓപറേഷൻ എപിക് ഫ്യൂറി’ ആരംഭിച്ചത്.