‘റാഫേൽ ഇന്ത്യയെ കരുത്തുറ്റതാക്കും, ആളുകൾ എന്തിനാണ് വിമർശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല’- ഇമ്മാനുവൽ മാക്രോൺ
ന്യൂഡൽഹി: ഇന്ത്യയുമായുള്ള റാഫേൽ യുദ്ധവിമാന കരാറിനെതിരെയുള്ള വിമർശനങ്ങളെ തള്ളി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡൽഹിയിൽ നടക്കുന്ന ‘എഐ ഇംപാക്ട് ഉച്ചകോടി 2026’-ൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 3.25 ലക്ഷം കോടി രൂപയുടെ 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. കരാർ ഇന്ത്യയെ കൂടുതൽ ശക്തമായ സൈനിക ശക്തിയാക്കി മാറ്റുമെന്നും വിമർശകർക്ക് ഇതിന്റെ പ്രാധാന്യം മനസ്സിലാകാത്തതിൽ അത്ഭുതമുണ്ടെന്നും മാക്രോൺ പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്ത് വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കരാറിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞങ്ങൾ കേവലം ഒരു തന്ത്രപരമായ പങ്കാളിത്തത്തിലല്ല ഏർപ്പെട്ടിരിക്കുന്നത്; ഇന്ത്യയും ഫ്രാൻസും തമ്മിലുള്ളത് സവിശേഷമായ ആഗോള സൗഹൃദമാണ്. വിമാനങ്ങളുടെ നിർമ്മാണത്തിൽ പരമാവധി ഇന്ത്യൻ ഘടകങ്ങൾ ഉൾപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” മാക്രോൺ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ടാറ്റ-എയർബസ് മാതൃകയിലുള്ള സഹകരണം റാഫേലിന്റെ കാര്യത്തിലും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുംബൈയിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെ പ്രതിരോധം, സാങ്കേതികവിദ്യ, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലായി ഇരുരാജ്യങ്ങളും ഇരുപതിലധികം കരാറുകളിൽ ഒപ്പുവെച്ചു. ഹാമർ മിസൈലുകളുടെ നിർമ്മാണവും ഹെലികോപ്റ്റർ അസംബ്ലി ലൈൻ സ്ഥാപിക്കുന്നതും ഇതിൽ പ്രധാനമാണ്. വരും വർഷങ്ങളിൽ അന്തർവാഹിനി നിർമ്മാണ മേഖലയിലേക്കും ഈ സഹകരണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മാക്രോൺ, ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ മുൻ നിലപാടുകളിൽ വ്യക്തത വരുത്തുകയും ചെയ്തു.