മിഡിലീസ്റ്റിൽ ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ ആതുരസേവകൻ: ‘The 100 NRIs 2026’ പട്ടികയിൽ മലയാളത്തിന് അഭിമാനമായി ഡോ. ആസാദ് മൂപ്പൻ
ദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ ആരോഗ്യ പ്രവർത്തകരിൽ ഒന്നാമനായിരിക്കുകയാണ് ഡോ. ആസാദ് മൂപ്പൻ. വിവിധ മേഖലകളിൽ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പ്രവാസി ഭാരതീയരുടെ പുതിയ പട്ടികയിലാണ് അദ്ദേഹം ഒന്നാമനായത്. പ്രമുഖ ബിസിനസ് മാഗസിനായ ‘മിഡിൽ ഈസ്റ്റ് ഓൻട്രപ്രണർ’ പുറത്തിറക്കിയ ‘The 100 NRIs 2026’ പട്ടികയിലാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ മലയാളികൾക്ക് അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്.
മൊത്തം വ്യവസായികളുടെ പട്ടികയിൽ എം.എ യൂസഫലി(ഒന്നാം സ്ഥാനം), സണ്ണി വർക്കി (രണ്ടാം സ്ഥാനം), ഡോ. അദ്‌നാൻ ചിൽവാൻ (മൂന്നാം സ്ഥാനം) എന്നിവർക്ക് തൊട്ടുപിന്നാലെ നാലാം സ്ഥാനത്താണ് ഡോ. മൂപ്പൻ ഇടംപിടിച്ചത്. അതേസമയം, ഹെൽത്ത് കെയർ വിഭാഗത്തിൽ അദ്ദേഹമാണ് ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ പ്രവാസി.
വെറുമൊരു ബിസിനസ് സംരംഭത്തിനപ്പുറം, താങ്ങാവുന്ന ചെലവിൽ ഏറ്റവും അത്യാധുനികവും വിദഗ്ധവുമായ ചികിത്സ ഉറപ്പാക്കുന്ന ‘ആസ്റ്റർ മാതൃക’ ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടതാണ്. 1987-ൽ ദുബൈയിലെ ഒരു ചെറിയ ക്ലിനിക്കിൽനിന്ന് തുടങ്ങിയ പ്രയാണം ഇന്ന് എട്ട് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വൻ ആരോഗ്യശൃംഖലയായി വളർന്നുകഴിഞ്ഞു. ബിസിനസ് വളർച്ചയ്‌ക്കൊപ്പം തന്നെ അദ്ദേഹം പുലർത്തുന്ന മാനവികതയും സാമൂഹിക പ്രതിബദ്ധതയുമാണ് ഈ അംഗീകാരത്തിന് പിന്നിലെ പ്രധാന ഘടകം.
തന്റെ വ്യക്തിപരമായ സമ്പാദ്യത്തിന്റെ 20 ശതമാനവും കാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവെച്ച അദ്ദേഹത്തിന്റെ മാതൃക ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെയും ഗൾഫിലെയും ആരോഗ്യമേഖലകൾക്കിടയിൽ ശക്തമായ ഒരു പാലമായി പ്രവർത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.
പത്മശ്രീയും പ്രവാസി ഭാരതീയ സമ്മാനും നൽകി രാജ്യം ആദരിച്ച ഡോ. മൂപ്പന് ലഭിച്ച ഈ പുതിയ അംഗീകാരം പ്രവാസി മലയാളികൾക്ക് ഒന്നടങ്കം അഭിമാനകരമാണ്. ആസ്റ്റർ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ അലീഷ മൂപ്പനും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ബിസിനസ് രംഗത്തെ മികവിനൊപ്പം തന്നെ സാധാരണക്കാരന്റെ ആരോഗ്യപ്രശ്‌നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന ഒരു ജനകീയ ഡോക്ടർ എന്ന നിലയിലാണ് ഈ പട്ടികയിൽ ഡോ. ആസാദ് മൂപ്പൻ മുൻപന്തിയിലെത്തിയത്. ഹെൽത്ത് കെയർ രംഗത്തെ പ്രമുഖരായ ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ് – അഞ്ചാം സ്ഥാനം), തുംബെ മൊയ്തീൻ എന്നിവരെയെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.