07/03/2026
[fontresizer_tawhidurrahmandear_widget]

‘കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ടു; ഭർതൃ വീട്ടുകാർ സമ്മർദത്തിലാക്കി’: ജസീലയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

 ‘കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ടു; ഭർതൃ വീട്ടുകാർ സമ്മർദത്തിലാക്കി’: ജസീലയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

കാസർകോട്: വിദ്യാനഗറിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ആലംപാടി നാൽത്തടുക്ക സ്വദേശിനി നബീസത്ത് ജസീലയുടെ (24) മരണത്തിന് പിന്നിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനമാണെന്ന് മാതാവ് മുംതാസ് വെളിപ്പെടുത്തി. കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഭർത്താവ് ഫോണിലൂടെ ആവശ്യപ്പെട്ടതായും നിന്നെ എനിക്ക് വേണ്ടെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും മാതാവ് പറഞ്ഞു.

സമീപത്തെ വീട്ടിൽ നിന്ന് ഒൻപതര പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ ജസീലയെ സംശയിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചെയ്യാത്ത കുറ്റം ആരോപിച്ചും മാല മോഷ്ടിച്ചെന്ന് പരാതി നൽകിയും ഭർതൃവീട്ടുകാരും നാട്ടുകാരും ജസീലയെ നിരന്തരം വേട്ടയാടി. ആദൂർ പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും മണിക്കൂറുകളോളം സ്‌റ്റേഷനിൽ ഇരുത്തി മാനസികമായി തളർത്തിയെന്നും കുടുംബം ആരോപിക്കുന്നു. തന്റെ നിരപരാധിത്വം ആരും വിശ്വസിക്കുന്നില്ലെന്ന് കരഞ്ഞുപറയുന്ന ജസീലയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

മജിസ്‌ട്രേറ്റിന് നൽകിയ മരണമൊഴിയിലും സമാനമായ കാര്യങ്ങളാണ് ജസീല വ്യക്തമാക്കിയിട്ടുള്ളത്. ഫെബ്രുവരി 15ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന ജസീല കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ വിദ്യാനഗർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, വരും ദിവസങ്ങളിൽ ആരോപണവിധേയരെ ചോദ്യം ചെയ്യും.

Also read: