ട്രാവൽ ഏജന്റുമാരുടെ കൂട്ടായ്മ ‘ടാസ്‌കി’ന് പുതിയ നേതൃത്വം
കോഴിക്കോട്: കേരളത്തിലെ ട്രാവൽ ഏജന്റുമാരുടെ സംഘടനയായ ട്രാവൽ ആൻഡ് ടൂർസ് ഏജന്റ്‌സ് സർവൈവൽ കേരളൈറ്റ്‌സ്(ടാസ്‌ക്) 2026-2029 കാലയളവിലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. രാജേഷ് ചന്ദ്രൻ പ്രസിഡന്റായും ജുബൈർ സി.കെ ജനറൽ സെക്രട്ടറിയായും മുഹമ്മദ് റിയാസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
അബ്ദുൽ ഖാദർ, നാസർ എടക്കര എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സുജിത് കുമാർ എം, ജുനൈദ് സി.കെ, അനുരാജ് എ.ആർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന 15 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെട്ട പുതിയ കമ്മിറ്റിയാണ് സംഘടനയെ അടുത്ത മൂന്ന് വർഷക്കാലത്തേക്ക് നയിക്കുക.
ട്രാവൽ-ടൂറിസം മേഖലയിലെ ഏജന്റുമാരുടെ താൽപര്യ സംരക്ഷണം, വ്യവസായ വികസനം, പരിശീലന പരിപാടികൾ, പഠനയാത്രകൾ, നെറ്റ്വർക്കിങ് അവസരങ്ങൾ, സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.