എബോള രോഗബാധ: ഇന്ത്യക്കാര്‍ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം
ന്യൂഡല്‍ഹി: എബോള ബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ഇന്ത്യക്കാര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. രോഗബാധിത രാജ്യങ്ങളായ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനാണ് നിര്‍ദേശം. ആഫ്രിക്കയില്‍ എബോള പടരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ മുന്‍കരുതല്‍ നടപടി. നിലവില്‍ പടര്‍ന്നുപിടിക്കുന്ന എബോളയുടെ ‘ബുന്‍ഡി ബുജ്യോ’ എന്ന അപൂര്‍വ വകഭേദത്തിന് കൃത്യമായ വാക്‌സിനുകളോ പ്രതിരോധ മരുന്നുകളോ നിലവിലില്ല എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. രോഗം ബാധിച്ചവരുടെ ശരീരദ്രവങ്ങളിലൂടെയാണ് ഈ മാരക വൈറസ് പടരുന്നത്.
ഇന്ത്യയില്‍ ഇതുവരെ എബോള കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക തെര്‍മല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. നിലവില്‍ ഈ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ പ്രാദേശിക ഭരണകൂടങ്ങളുടെ ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. കേരളത്തിലും കൊച്ചി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സര്‍വൈലന്‍സ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
മെയ് 14നാണ് എബോളയുടെ പുതിയ വകഭേദത്തെ കണ്ടെത്തിയത്. പനി, തലവേദന, പേശികളിലെ വേദന, വയറിളക്കം, ഛര്‍ദി എന്നിവ കൂടാതെ ശരീരത്തില്‍ നിന്നും രക്തം ഒഴുകിപ്പോകല്‍ എന്നിവയാണ് വൈറസിന്റെ രോഗലക്ഷണങ്ങള്‍. മെയ് 21 വരെയുള്ള കണക്കനുസരിച്ച് കോംഗോയില്‍ 746 സംശയാസ്പദമായ കേസുകളും 176 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോംഗോ, ഉഗാണ്ട എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ സുഡാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിലയിരുത്തപ്പെടുന്നു.