അതിവേഗ റെയിൽ: തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് മൂന്നര മണിക്കൂർ; ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: തലസ്ഥാനം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽ പാതയുടെ ഇടക്കാല റിപ്പോർട്ട് ഡിഎംആർസി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ചു. തിരുവനന്തപുരം നഗരം (പൂജപ്പുര) മുതൽ കണ്ണൂർ (മുണ്ടയാട്) വരെയുള്ള പാതയുടെ റിപ്പോർട്ടാണ് നൽകിയത്. 473.20 കിലോമീറ്റർ നീളമുള്ള ഇരട്ടപ്പാതയാണിത്. 23 സ്റ്റേഷനുകളുള്ള ഈ പാത കണ്ണൂർ ഒഴികെയുള്ള കേരളത്തിലെ 3 വിമാനത്താവളങ്ങളെയും സ്പർശിക്കും. കണ്ണൂർ വിമാനത്താവളത്തിലേക്ക് 10 കിലോമീറ്റർ ദൈർഘ്യമുള്ള പ്രത്യേക റോഡ് നിർമിക്കും. തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റർ തുരങ്കപ്പാതയൊഴികെ ബാക്കി പൂർണമായും ആകാശപാതയായിരിക്കും.
മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ട്രെയിനുകൾക്ക് ആധുനിക റെയിൽവേ സംവിധാനങ്ങൾക്ക് അനുയോജ്യമായ സ്റ്റാൻഡേർഡ് ഗേജിലാണ് നിർമിക്കുന്നത്. ഇതിനാൽ ഭാവിയിൽ റെയിൽ സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്നത് എളുപ്പമാകും.
തുടക്കത്തിൽ 12 കോച്ചുകളിലായി 800 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ട്രെയിനുകളാണ് സർവീസ് നടത്തുക. തിരക്കുള്ള സമയങ്ങൡ ഓരോ 20 മിനിറ്റിലും അല്ലാത്തപ്പോൾ 40 മിനിറ്റിലും സർവീസ് ഉണ്ടാകും. ഭാവിയിൽ കോച്ചുകളുടെ എണ്ണം 16 വരെയും സമയക്രമം ഓരോ 5 മിനുറ്റിലും സർവീസ് എന്ന രീതിയിലും വർധിപ്പിക്കാം. അങ്ങനെ വന്നാൽ പ്രതിദിനം 2.28 ലക്ഷം യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടാകും. മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യുന്നവർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുണ്ടാവുകയുള്ളുവെന്നും നിന്ന് യാത്ര ചെയ്യാൻ അനുവാദമില്ലെന്നും രൂപ രേഖയിൽ വ്യക്തമാക്കുന്നു.