‘യുദ്ധം പുനരാരംഭിച്ചാല്‍ സര്‍വ്വനാശം’ ഇറാന്റെ ഭീഷണിക്ക് പിന്നിലെന്ത്?
തെഹ്‌റാന്‍: സമാധാന ചര്‍ച്ചകള്‍ പരാചയപ്പെട്ട് യുദ്ധം പുനരാരംഭിച്ചാല്‍ ശത്രുക്കളുടെ പൂര്‍ണനാശമായിരിക്കുമെന്നാണ് ഇറാന്‍ ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കിയത്. ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ഏകപക്ഷീയമായി ഇറാനെതിരെ ആരംഭിച്ച യുദ്ധം ആഘോള സാമ്പത്തിക രംഗത്തെ പിടിച്ചു കുലുക്കിയിട്ടും പാകിസ്താന്റെയും ഖത്തറിന്റെയും മധ്യസ്ഥതതയില്‍ തുടരുന്ന ചര്‍ച്ചകള്‍ കരാറിലെത്താതെ നീണ്ടുപോവുകയാണ്. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടുന്ന സഖ്യകക്ഷികളും ഇറാനും തമ്മിലുള്ള സംഘര്‍ഷം കേവലം ഒരു പ്രാദേശിക യുദ്ധമായി ഒതുങ്ങില്ലെന്നും അത് ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയെയും സുരക്ഷയെയും ആകെ ഉലയ്ക്കുന്ന ഒന്നായി മാറുമെന്നും യുദ്ധത്തിന്റെ ആരംഭത്തില്‍ തന്നെ ഇറാന്‍ തെളിയിച്ചതാണ്.
ഇപ്പോഴുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഉണ്ടാകാനിടയുള്ള പ്രധാന വെല്ലുവിളികളിലൊന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടാന്‍ സാധ്യതയുണ്ട് എന്നതാണ്. ഇത് ലോകമെമ്പാടും കടുത്ത ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകും. നയതന്ത്ര നീക്കങ്ങള്‍ പരാജയപ്പെട്ടാല്‍ ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികളുമായി അതിവേഗം മുന്നോട്ട് പോകുകയും, ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആണവായുധം നിര്‍മിക്കാനുള്ള ശേഷി കൈവരിക്കുകയും ചെയ്‌തേക്കാമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇത് തടയാന്‍ അമേരിക്കയോ ഇസ്രയേലോ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും വ്യോമാക്രമണം നടത്തുമെന്നും അഭിപ്രായമുണ്ട്.
എന്നാല്‍ ഇതോടെ യെമനിലെ ഹൂതികള്‍, ലെബനനിലെ ഹിസ്ബുള്ള തുടങ്ങിയ തങ്ങളുടെ സഖ്യകക്ഷികളായ സായുധ ഗ്രൂപ്പുകളെ ഉപയോഗിച്ച് മിഡിലീസ്റ്റിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും ഇസ്രയേല്‍ നഗരങ്ങള്‍ക്കും നേരെ ഒരേസമയം വന്‍തോതില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇറാന് സാധിക്കും. ഇതിനകം തന്നെ യുക്രൈന്‍ യുദ്ധം കാരണം പ്രതിസന്ധിയിലായ ആഗോള വിപണി ഇതോടെ തകിടം മറിയും. ഇതോടെ ഹൂതി വിമതരെ സജീവമാക്കുന്നതിലൂടെ ബാബ് അല്‍മന്ദേബ് കടലിടുക്ക് കൂടി അടച്ചുപൂട്ടാന്‍ ഇറാന് സാധിച്ചേക്കും. യൂറോപ്പ്, ഏഷ്യ, അറബ് രാജ്യങ്ങള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന മറ്റൊരു പ്രധാന വാണിജ്യ പാതയാണിത്. അങ്ങനെയൊരു നീക്കമുണ്ടായാല്‍ അത് ആഗോള സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
അമേരിക്കന്‍ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകള്‍ പ്രകാരം, 2023ല്‍ ലോകത്ത് സമുദ്രമാര്‍ഗ്ഗം കടത്തിവിട്ട അസംസ്‌കൃത എണ്ണയുടെ പത്ത് ശതമാനത്തിലധികവും ബാബ് അല്‍മന്ദബ് കടലിടുക്കിലൂടെയാണ് കടന്നുപോയത്. എന്നാല്‍ 2024ല്‍ യെമന് സമീപമുള്ള ഈ മേഖലയില്‍ ഹൂതികള്‍ സുരക്ഷാഭീഷണി ഉയര്‍ത്തിയതോടെ, ഇതിലൂടെയുള്ള എണ്ണക്കടത്ത് പകുതിയോളമായി കുറയുകയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) നീക്കം ഏതാണ്ട് പൂര്‍ണ്ണമായും നിലയ്ക്കുകയും ചെയ്തു. ബാബ് അല്‍മന്ദേബിലും ഹോര്‍മൂസ് കടലിടുക്കിലും ഒരേസമയം പ്രതിസന്ധിയുണ്ടായാല്‍ അത് അതീവ ഗുരുതരമായിരിക്കുമെന്നും ചെങ്കടലിലെ വ്യാപാരത്തെയും പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള ഇന്ധന വിതരണത്തെയും അത് ബാധിക്കുമെന്നും ജോര്‍ജ് മേസണ്‍ യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന ഗവേഷകനും ഊര്‍ജ വിദഗ്ദന്‍ ഉമുദ് ശുക്രി വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലവില്‍ വെടിനിര്‍ത്തല്‍ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും, ഇറാന്റെ ആണവമോഹങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുന്ന ഒരു കരാറിന് അവര്‍ തയ്യാറാകാത്ത പക്ഷം സൈനിക നടപടി മാത്രമായിരിക്കും അടുത്ത വഴി എന്നാണ് യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. ഒരേസമയം നയതന്ത്ര ശ്രമങ്ങള്‍ തുടരുമ്പോഴും ഇരുവിഭാഗവും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത് പശ്ചിമേഷ്യയെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്.