20 മിനിറ്റിനുള്ളിൽ യുഎസ് വിമാനവാഹിനിക്കപ്പലുകൾ തകർക്കാൻ ചൈനീസ് ഹൈപ്പർസോണിക് മിസൈലുകൾ; ലേസർ ആയുധങ്ങളുമായി അമേരിക്കയുടെ പ്രതിരോധം
വാഷിങ്‌ടൺ: ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയെന്ന അമേരിക്കയുടെ ഖ്യാതിക്ക് വെല്ലുവിളിയുമായി ചൈനയുടെ ഹൈപ്പർസോണിക് മിസൈൽ ശേഖരം. ചൈനയുടെ കൈവശമുള്ള ‘ഡിഎഫ്-17’ (DF-17) പോലുള്ള അത്യാധുനിക മിസൈലുകൾ മാക് 10 വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളവയാണ്. ഇവയുടെ വേഗതയും സഞ്ചാരപഥം മാറ്റാനുള്ള കഴിവും നിലവിലെ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്നു.
ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പലായ ‘യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്’ (USS Gerald R. Ford) പോലും ചൈനീസ് മിസൈലുകൾക്ക് മുന്നിൽ തകർക്കപ്പെട്ടേക്കാമെന്നാണ് പെന്റഗണിന്റെ ആശങ്ക. ഏകദേശം 13.3 ബില്യൺ ഡോളർ ചിലവിൽ നിർമ്മിച്ച ഇത്തരം കപ്പലുകൾ യുദ്ധമുഖത്ത് വലിയ ലക്ഷ്യങ്ങളായി മാറുന്നു. 2027-ഓടെ തായ്‌വാൻ പിടിച്ചെടുക്കാൻ ചൈന ലക്ഷ്യമിടുന്നുണ്ടെന്ന നിഗമനത്തിൽ, അമേരിക്കയെ പ്രതിരോധിക്കാൻ മാത്രമായി രൂപകൽപ്പന ചെയ്ത മിസൈൽ സേനയെയാണ് ബീജിംഗ് സജ്ജമാക്കുന്നത്.
രക്ഷയാകാൻ ലേസർ ആയുധങ്ങൾ
ഹൈപ്പർസോണിക് മിസൈലുകളെ നേരിടാൻ കോടിക്കണക്കിന് ഡോളർ വിലയുള്ള ഇന്റർസെപ്റ്റർ മിസൈലുകൾക്ക് പകരം ലേസർ ആയുധങ്ങൾ (Directed Energy Weapons) വികസിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് യുഎസ് നാവികസേന. ഒരു ഇന്റർസെപ്റ്റർ മിസൈൽ തൊടുക്കാൻ കോടികൾ ചിലവാകുമ്പോൾ, ലേസർ ഉപയോഗിച്ചുള്ള ഒരു ഷോട്ടിന് വെറും 10 ഡോളറിൽ താഴെ മാത്രമേ ചിലവ് വരുന്നുള്ളൂ. ‘ഹീലിയോസ്’ (HELIOS) പോലുള്ള 60 കിലോവാട്ട് ലേസർ സംവിധാനങ്ങൾ നിലവിൽ പരീക്ഷിച്ചു വരികയാണ്.
എങ്കിലും, അതിവേഗത്തിൽ വരുന്ന ഹൈപ്പർസോണിക് മിസൈലുകളെ തകർക്കാൻ കുറഞ്ഞത് 300 കിലോവാട്ട് ശേഷിയുള്ള ലേസറുകൾ ആവശ്യമാണ്. ഇതിനായി ‘ഹെൽകോപ്പ്’ (HELCAP) എന്ന പേരിൽ പുതിയ പദ്ധതിക്ക് അമേരിക്ക രൂപം നൽകിയിട്ടുണ്ട്. ജെറാൾഡ് ആർ. ഫോർഡ് കപ്പലിലെ ആണവ റിയാക്ടറുകൾക്ക് ഇത്തരം ലേസർ സംവിധാനങ്ങൾക്കാവശ്യമായ വൻതോതിലുള്ള വൈദ്യുതി നൽകാൻ സാധിക്കുമെന്നത് അമേരിക്കയ്ക്ക് പ്രതീക്ഷ നൽകുന്നു. മിസൈലുകളുടെ വേഗതയും ലേസറുകളുടെ പ്രകാശവേഗതയും തമ്മിലുള്ള ഈ മത്സരം ഭാവി നാവികയുദ്ധങ്ങളുടെ ഗതി നിർണ്ണയിക്കും.