ഖാംനഇയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാൻ സ്ഥാനപതിയെ കണ്ടു
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഇന്ന് ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ഇന്ത്യൻ സർക്കാരിന് വേണ്ടി അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ചു. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടതിന് ശേഷം വിഷയത്തിൽ ഇന്ത്യ നടത്തുന്ന ആദ്യ പ്രതികരണമാണിത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന സൈനിക നടപടിയിൽ ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ട വിവരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പുറത്തുവിട്ടത്. ലോകശക്തികൾക്കിടയിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് സംഭവം വഴിവെച്ചിരുന്നു. റഷ്യയും ചൈനയും ആക്രമണത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് വിശേഷിപ്പിച്ച് അപലപിച്ചപ്പോഴും, ഇന്ത്യ ഇതുവരെ കൃത്യമായ നിലപാട് വ്യക്തമാക്കാതെ നിശബ്ദത പാലിക്കുകയായിരുന്നു. ഒരു പക്ഷത്തേക്കും ചായുന്നതിന് പകരം നയതന്ത്ര മര്യാദകൾ പാലിച്ച് അനുശോചനം അറിയിക്കാനാണ് ഇപ്പോൾ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
1989 മുതൽ ഇറാന്റെ ഭരണസാരഥ്യം വഹിച്ചിരുന്ന 86-കാരനായ ഖമേനിയുടെ മരണം പശ്ചിമേഷ്യയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ്-ഇസ്രയേൽ നീക്കത്തെ നേരിട്ട് വിമർശിക്കാതെ തന്നെ ഇറാന്റെ നഷ്ടത്തിൽ പങ്കുചേരുന്നതിലൂടെ സന്തുലിതമായ ഒരു നയതന്ത്ര നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.