മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചു; ജസീലയുടെ മരണത്തില്‍ അയൽവാസി അറസ്റ്റിൽ
കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പൊവ്വൽ സ്വദേശി ആയിഷയെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് നടപടി. നാലത്തടുക്ക സ്വദേശിനി ജസീല(24) ആണ് കഴിഞ്ഞ മാസം മരിച്ചത്.
ഭർത്താവിന്റെ വീടിന് അടുത്തുള്ള അയൽവാസിയായ ആയിഷയുടെ വീട്ടിൽനിന്ന് ഒൻപതര പവൻ സ്വർണം കാണാതായതുമായി ബന്ധപ്പെട്ടാണ് ജസീലയ്‌ക്കെതിരെ ആരോപണം ഉയർന്നത്. ജസീലയാണ് സ്വർണം എടുത്തതെന്ന് കാട്ടി ഇവർ ആദൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജസീലയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, താൻ സ്വർണമൊന്നും എടുത്തിട്ടില്ലെന്ന് ജസീല ആവർത്തിച്ചു പറഞ്ഞു.
പരാതി നൽകിയതിന് പിന്നാലെ ആയിഷയും സംഘവും ജസീലയുടെ വീട്ടിലെത്തി മോഷണക്കുറ്റം ആരോപിച്ച് ബഹളമുണ്ടാക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. ഇതിൽ കടുത്ത മനോവിഷമത്തിലായ ജസീല ഫെബ്രുവരി 20-ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മരിക്കുന്നതിന് മുൻപ് ജസീല തന്റെ നിരപരാധിത്വം വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. താൻ മോഷ്ടിച്ചിട്ടില്ലെന്നും സ്വർണം എവിടെയാണെന്ന് പോലും അറിയില്ലെന്നും വീഡിയോയിൽ ജസീല കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. ‘മരിച്ചിട്ടായാലും എന്റെ സത്യം തെളിയണം. ചെയ്യാത്ത തെറ്റിന്റെ പേരിൽ ഞാൻ ഒരുപാട് അനുഭവിക്കുന്നുണ്ട്. എന്റെ വാക്ക് ആരും വിശ്വസിക്കുന്നില്ല,’-ഇങ്ങനെയായിരുന്നു ജസീലയുടെ അവസാന വാക്കുകൾ.
മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിലും ജസീല ഇതേ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
ജലീലിന്റെയും മുംതാസിന്റെയും മകളാണ് മരിച്ച ജസീല. ഭർത്താവ് അമീർ വിദേശത്താണ്. ജസീലയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പരാതിക്കാരിയായ ആയിഷയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.