07/03/2026
[fontresizer_tawhidurrahmandear_widget]

‘വായിൽ തുണി തിരുകി, കെട്ടിയിട്ട നിലയിൽ’; ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ കോയമ്പത്തൂരിൽ കൊല്ലപ്പെട്ടു, വീട്ടുജോലിക്കാരിയെ കേന്ദ്രീകരിച്ച് അന്വേഷണം

 ‘വായിൽ തുണി തിരുകി, കെട്ടിയിട്ട നിലയിൽ’; ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ കോയമ്പത്തൂരിൽ കൊല്ലപ്പെട്ടു,  വീട്ടുജോലിക്കാരിയെ കേന്ദ്രീകരിച്ച് അന്വേഷണം

കോയമ്പത്തൂർ: ആര്യവൈദ്യ ഫാർമസി (എ.വി.പി) സ്ഥാപകൻ ആര്യവൈദ്യൻ പി.വി. രാമ വാര്യരുടെ മകൾ ആർ. കസ്തൂരിയെ (82) നഞ്ചുണ്ടപുരത്തെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ഇന്നലെ രാവിലെയാണ് കോയമ്പത്തൂരിലെ ഗേറ്റഡ് കമ്മ്യൂണിറ്റിയിലുള്ള വീടിനുള്ളിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി സുർജ റോക്കിക്കായി (37) പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

എ.വി.പി ഡയറക്ടർമാരിൽ ഒരാളായ മകൻ ഡോ. രാംകുമാറിനൊപ്പമായിരുന്നു കസ്തൂരി താമസിച്ചിരുന്നത്. മകൻ വിയറ്റ്‌നാം യാത്രയിലായിരുന്ന സമയത്താണ് സംഭവം. ഇന്നലെ രാവിലെ മകൾ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അയൽക്കാർ എത്തി പരിശോധിച്ചപ്പോഴാണ് വായിൽ തുണി തിരുകി, കെട്ടിയിട്ട നിലയിൽ കസ്തൂരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലര മാസം മുൻപാണ് നേപ്പാൾ സ്വദേശിനി ഇവിടെ ജോലിക്ക് ചേർന്നത്.

സംഭവസ്ഥലത്തുനിന്നും വീട്ടുജോലിക്കാരിയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് പേരുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടാനായി എട്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജി. കാർത്തികേയൻ അറിയിച്ചു. കേരളം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് അന്വേഷണ സംഘം തിരിച്ചു.

Also read: